കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് അഷ്‌റഫ്; കുഴല്‍നാടനും കാപ്പനും ഇംഗ്ലീഷില്‍

തിരുവനന്തപുരം: 15ാം നിയമസഭയിൽ രണ്ട് സമാജികർ സത്യപ്രതിജ്ഞയിലും വ്യത്യസ്ത പുലർത്തി. ചില അംഗങ്ങൾ ദൈവനാമത്തിലും മറ്റ് ചിലർ സഗൗരവവും സത്യവാചകം ചൊല്ലി.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തത് ഇംഗ്ലീഷിലും. പാലായിൽ നിന്ന് ജയിച്ച എൻ.സി.കെ നേതാവ് മാണി സി കാപ്പനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.
അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത്. 53 അംഗങ്ങൾ പുതുമുഖങ്ങളാണ്. കെ.ബാബു, എം വിൻസെന്റ്, വി അബ്ദുറഹ്മാൻ എന്നീ അംഗങ്ങൾ സഭയിലെത്തിയില്ല. ഡോക്ടറുടെ നിർദേശ പ്രകാരം വിശ്രമത്തിലാണ് മന്ത്രികൂടിയായ വി.അബ്ദുറഹ്മാൻ.
15ാം നിയമസഭയുടെ ആദ്യദിനമായ ഇന്ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ മാത്രമാണ് നടക്കുക.

