പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍

പാലക്കാട്: ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ. മൈലംപുള്ളിയിൽ റിൻസിയ മരിച്ച സംഭവത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് ആറിന് അർധരാത്രിയിലാണ് 23 കാരിയായ റിൻസിയയെ ഭർത്താവ് ഷെഫീഖിന്റെ മൈലംപുള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി റിൻസിയയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മരണം നടന്ന് നാല് മാസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും അന്വേഷണത്തിലില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മകൾ ആത്മഹത്യചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കൾ പറയുന്നു. മകൾ ഭർതൃവീട്ടിൽ നിന്ന് വിവിധതരത്തിലുള്ള മാനസിക പീഡനങ്ങൾ റിൻസിയ അനുഭവിച്ചതായി സഹോദരൻ പറയുന്നു. റിൻസിയയോട് ഭർതൃവീട്ടുകാർ പണം ആവശ്യപെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. ഷെഫീഖും റിൻസിയയും തമ്മിൽ അഞ്ച് വർഷം മുമ്പാണ് വിവാഹിതരാകുന്നത്. കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. എന്നാൽ നാല് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിൽ ആശങ്കയിലാണ് കുടുംബം. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപെടുമോ എന്ന സംശയവും റിൻസിയയുടെ കുടുംബം ഉന്നയിക്കുന്നു.

