വനംകൊള്ള അറിഞ്ഞില്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കാന്‍ പ്രാപ്തരല്ല; കുഞ്ഞാലിക്കുട്ടി

മലപ്പുറം: വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് മലപ്പുറം കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്നതാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ല. മരംമുറി അറിഞ്ഞില്ലെങ്കില്‍ ഇവര്‍ ഭരണത്തിലിരിക്കാന്‍ പ്രാപ്തിയുള്ളവരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വനംകൊള്ളയ്ക്ക് വേണ്ടിയായിരുന്നു സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്. ആളുകളെ പറഞ്ഞ് പറ്റിച്ച് തുച്ഛമായ പണം നല്കി മരംമുറിച്ചു.
വലിയ മാഫിയയാണ് ഇതിന് പിറകിലുള്ളത്. മരംവെട്ടുന്ന കാര്യത്തില്‍ പരിസ്ഥിതി സംഘടനകള്‍ ഇടപെടണം.
എല്ലാ പ്രകൃതിസ്നേഹികളും വിഷയത്തില്‍ അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊവിഡ് കുറഞ്ഞാല്‍ മരംകൊള്ളയില്‍ യുഡിഎഫിന്‍്റെ ജനമുന്നേറ്റമുണ്ടാകും. ശക്തമായ സമരത്തിലേക്ക് യുഡിഎഫ് കടക്കുകയാണ് എന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

