KSDLIVENEWS

Real news for everyone

തെരുവിൽ അന്തിയുറങ്ങി, നാടണയാൻ കൊതിച്ചു; ഒടുവിൽ ബത്ഹയിലെ വരാന്തയിൽ പ്രവാസി മലയാളിക്ക് കണ്ണീര്‍ മടക്കം

SHARE THIS ON

റിയാദ്: കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദി അറേബ്യയിലെ റിയാദിലെ ബത്ഹയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ (40) മരിച്ച നിലയിൽ കണ്ടെത്തി.

ബത്ഹയിലെ ഒരു കെട്ടിടത്തിന്റെ വരാന്തയിലാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേ വരാന്തയിലായിരുന്നു അദ്ദേഹം രാത്രിയിൽ ഉറങ്ങിയിരുന്നതെന്നാണ് റിപ്പോർട്ട്.

ജോലിയില്ലാതിരുന്ന തോമസ് പ്രദേശത്തെ മലയാളി കൂട്ടായ്മകളുടെയും കാരുണ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

നേരത്തെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് ആശുപത്രിയിൽനിന്ന് പുറത്തിറങ്ങി റിയാദ് നഗരത്തിൽ അലഞ്ഞുതിരിയുകയായിരുന്നു. സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം വീണ്ടും തെരുവിൽ തുടരുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം തോമസിനുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൈവശം പാസ്‌പോർട്ടോ ഇഖാമയോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി സ്പോൺസറുമായും ബന്ധമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ, എക്സിറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ യാത്രാരേഖകൾ ശരിയാക്കി തോമസിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

വിവരമറിഞ്ഞ് സൗദി റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

നവയുഗത്തിന്റെ ആദരാഞ്ജലികൾ 🙏🏻

error: Content is protected !!