KSDLIVENEWS

Real news for everyone

സ്ത്രീകൾക്കും കുട്ടികൾക്കും പരാതിയുണ്ടോ; പിങ്ക് പോലീസ് ഇനി ബൈക്കിലും കുതിച്ചെത്തും

SHARE THIS ON

പിങ്ക് പൊലീസ് പ്രൊട്ടക‍്ഷൻ പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ വനിതാ പൊലീസുകാർക്കായി അനുവദിച്ച വാഹനങ്ങൾ.
പിങ്ക് പൊലീസ് പ്രൊട്ടക‍്ഷൻ പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ വനിതാ പൊലീസുകാർക്കായി അനുവദിച്ച വാഹനങ്ങൾ.

കാസർകോട് ∙ പൊതു ഇടങ്ങളിലും വീടുകളിലും സ്ത്രീകളും കുട്ടികളും പീഡനങ്ങൾ അനുഭവിക്കുന്നുണ്ടോ? അവഹേളനം നേരിടാറുണ്ടോ ? ഇനി ഒരു ഫോൺ കോൾ മതി, പിങ്ക് പൊലീസ് ബൈക്കുകളിൽ കുതിച്ചെത്തും. ഇതിനായി രണ്ട് ബൈക്കുകളാണ് പിങ്ക് പൊലീസിനു കൈമാറിയിട്ടുള്ളത്. നേരത്തേ 12 സ്കൂട്ടറുകളും വനിതാ പൊലീസിന് ഉപയോഗിക്കാൻ നൽകിയിരുന്നു. ഇതോടെ ജില്ലയിൽ വനിതാ പൊലീസിന്റെ കൈവശമുള്ള ഇരുചക്ര വാഹനങ്ങൾ 16 ആയി. കാസർകോട് ഡിവിഷൻ, കാഞ്ഞങ്ങാട്, ബേക്കൽ ഡിവിഷനുകളിലായി 3 പിങ്ക് പെട്രോൾ സംഘമാണുള്ളത്. ഇവർക്ക് ഉപയോഗിക്കാൻ 3 പിങ്ക് കാറുകളുണ്ട്. എസ്ഐ ഉൾപ്പെടെ 21 പൊലീസുകാരാണ് പിങ്ക് പൊലീസ് സംഘത്തിലുള്ളത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ, അവഹേളനം, കുട്ടികൾക്കു എതിരെയുള്ള പീഡനങ്ങൾ എന്നിവ സംബന്ധിച്ച് വിവരം ലഭിക്കുമ്പോൾ എത്രയും വേഗം സ്ഥലത്തെത്താമെന്നതാണ് ബൈക്കുകൾ നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഗാർഹിക പീഡനങ്ങൾ, സ്ത്രീധന പീഡനങ്ങൾ, കുട്ടികൾക്കു എതിരെയുള്ള പീഡനങ്ങൾ എന്നിവ തടയുന്നതിനും പരാതികൾ കണ്ടെത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അയൽക്കൂട്ടം ജാഗ്രത സമിതികൾ എന്നിവ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കും. തുടർന്നു ഈ വിവരങ്ങൾ തുടർനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ബസ് സ്റ്റോപ്, സ്കൂൾ, കോളജ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലുമായി സാന്നിധ്യം ഉറപ്പിക്കും. ജനത്തിരക്കു കൂടിയ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ ശല്യം അമർച്ച ചെയ്യുന്നതിനുമായി പിങ്ക് ഷാഡോ ടീമിനെയും രംഗത്തിറക്കിയിട്ടുണ്ട്. പിങ്ക് പൊലീസുകാർക്കായി അനുവദിച്ച പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർവഹിച്ചു. വിളിക്കേണ്ട നമ്പർ 112.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!