KSDLIVENEWS

Real news for everyone

ലക്ഷ്യം ഗോഗി, ടില്ലു താജ്പുരിയുടെ സംഘം എത്തിയത് അഭിഭാഷക വേഷത്തില്‍

SHARE THIS ON

ന്യൂഡൽഹി: രോഹിണിയിലെ കോടതിമുറിയിൽ ഗുണ്ടാത്തലവനെ വെടിവെച്ച് കൊന്ന അക്രമികൾ വന്നത് അഭിഭാഷകവേഷത്തിൽ. രണ്ടുപേരാണ് രഹസ്യമായി കൈയിൽ കരുതിയ തോക്കുമായി അഭിഭാഷകവേഷത്തിൽ കോടതിമുറിയിൽ പ്രവേശിച്ചത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന വിവരമറിഞ്ഞ് അക്രമികൾ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായാണ് പോലീസിന്റെ നിഗമനം.

ഗോഗിയുടെ എതിരാളികളായ ടില്ലു താജ്പുരിയുടെ സംഘത്തിൽപ്പെട്ടവരാണ് കോടതിക്കുള്ളിൽ വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവർ രണ്ടുപേരെയും പോലീസ് ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു.

കുപ്രസിദ്ധ ഗുണ്ടാത്തലവനായ ജിതേന്ദ്ര ഗോഗി കൊലക്കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. മാസങ്ങൾക്ക് മുമ്പ് പോലീസിന്റെ പിടിയിലായ ഇയാൾക്കെതിരേ മക്കോക്കയും ചുമത്തിയിരുന്നു.

സ്കൂൾ പഠനം പാതിവഴിയിൽ നിർത്തിയ ഗോഗി 2010-ൽ പിതാവ് മരിച്ചതിന് പിന്നാലെയാണ് ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായത്. 2010 സെപ്റ്റംബറിൽ ശ്രദ്ധാനന്ദ് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവീൺ എന്നയാൾക്ക് നേരേ വെടിവെപ്പ് നടത്തിയിരുന്നു. പിന്നീട് ഇയാളും കൂട്ടാളികളും നിരവധി പേരെ ആക്രമിച്ചു. 2011 ഒക്ടോബറിൽ ഗോഗി അറസ്റ്റിലായെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഗുണ്ടാസംഘം വിപുലമാക്കി. കൊലപാതകവും കവർച്ചയും പണം തട്ടലും ഭീഷണിയുമെല്ലാം പതിവായി. ഹരിയാണയിലെ നാട്ടൻപാട്ട് കലാകാരൻ ഹർഷിദ ദാഹിയയെയും സ്കൂൾ ഉടമയും അധ്യാപകനുമായ ദീപക്കിനെയും കൊലപ്പെടുത്തിയതും ഗോഗിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

2016-ൽ പാനിപത്ത് പോലീസ് ഗോഗിയെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഇയാൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. രണ്ടുവർഷം മുമ്പാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ഗോഗിയെയും കൂട്ടാളിയായ കുൽദീപ് ഫസ്സയെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാർച്ചിൽ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുൽദീപിനെ പോലീസ് സംഘം വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!