ഇറാൻ യുദ്ധത്തിനിടെ യുഎസ്എസ് എബ്രഹാം ലിങ്കണിലെ എട്ട് സൈനികർ ആത്മഹത്യക്ക് ശ്രമിച്ചു; സ്ഥിരീകരിച്ച് യുഎസ്

വാഷിങ്ടൺ: ഇറാനെതിരായ ദൗത്യത്തിനായി വിന്യസിച്ചിരുന്ന ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സ്ഥിരീകരണം. യുഎസ് നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി ഹങ് കാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദീർഘകാലം വിന്യസിച്ചതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എബ്രഹാം ലിങ്കണിലെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാണ്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. വിന്യാസത്തിനിടയിൽ സേനാ അംഗങ്ങളാരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും കാവോ കത്തിൽ എഴുതിയിട്ടുണ്ട്.
‘ലിങ്കണിന്റെ വിന്യാസം ആരംഭിച്ചതുമുതൽ, സ്ട്രൈക്ക് ഗ്രൂപ്പിൽ മൊത്തം എട്ട് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്’ കാവോ കത്തിൽ എഴുതി. ഈ സംഖ്യയിൽ ലിങ്കൺ ക്രൂവും കാരിയർ എയർവിങ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്ട്രോയർ സ്ക്വാഡ്രൻ സ്റ്റാഫ്, അകമ്പടി സേവിക്കുന്ന കപ്പലുകൾ, ഒപ്പം കൂടെയുള്ള എല്ലാ വ്യോമസേനാ സ്ക്വാഡ്രനുകളിലെയും നാവികരും ഉൾപ്പെടുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായി ഏകദേശം ആറ് കപ്പലുകളിലായി ഏഴായിരത്തോളം നാവികസേനാംഗങ്ങളെയാണ് വിന്യസിച്ചിരുന്നത്. കടലിൽ 286 ദിവസത്തെ വിന്യാസത്തിന് ശേഷം, യു.എസ്.എസ് അബ്രഹാം ലിങ്കൺ സെപ്റ്റംബർ രണ്ടിന് തായ്ലൻഡിലെ ലേം ചബാങ് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്.
കഴിഞ്ഞവർഷം നവംബർ 21-നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ സാൻ ഡിയാഗോയിൽനിന്ന് യാത്രതിരിച്ചത്. പിന്നീട് പസഫിക് മേഖലയിൽനിന്ന് മിഡിൽ ഈസ്റ്റിലേക്ക് കപ്പൽ വഴിതിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരി 28 മുതൽ യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണങ്ങളെ തുടർന്ന് ലിങ്കൺ യുദ്ധമുഖത്ത് സജീവമായിരുന്നു. കഴിഞ്ഞ ആറ് മാസമായി മണിക്കൂറുകളോളം അവധിയില്ലാതെയാണ് കപ്പലിലെ സൈനികർ ജോലിചെയ്തിരുന്നത്.
ഈ കാലയളവിൽ രാജ്യാന്തര കപ്പൽ ഗതാഗതത്തിനും യു.എസ്. സേനയ്ക്കും ഭീഷണിയായ ഇരുനൂറിലധികം ഡ്രോണുകൾ കപ്പലിലെ സൈനികർ വെടിവെച്ചിട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തി. തുടർച്ചയായി 264 ദിവസമാണ് കപ്പൽ കടലിൽ കഴിഞ്ഞത്. ആകെ 286 ദിവസമാണ് കപ്പൽ ദൗത്യത്തിലുണ്ടായിരുന്നത്.
ദീർഘകാലവിന്യാസം കപ്പലിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കുകയും നാവികരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചില നാവികർ കടലിൽച്ചാടി ആത്മഹത്യക്കു ശ്രമിച്ചെന്നും വാർത്തകൾ പുറത്തു വന്നു. എന്നാൽ ആദ്യം ഇത് നിഷേധിച്ച യുഎസ് പ്രതിരോധ മന്ത്രാലയം, ഇത്തരം ആശങ്കകൾ ശക്തമായതോടെയാണ് എബ്രാഹം ലിങ്കണെ മേഖലയിൽനിന്ന് പിൻവലിച്ചത്. യു.എസിലേക്കുള്ള മടക്കയാത്രയിൽ കപ്പലിലെ സൈനികർക്ക് മാനസികോല്ലാസം നൽകുന്നതിനാണ് പട്ടായ ട്രിപ്പ് ഒരുക്കിയിരുന്നു. തായ്ലൻഡിലെ പട്ടായ നഗരത്തിലാണ് സൈനികർക്ക് വിശ്രമം അനുവദിച്ചിരുന്നത്.

