KSDLIVENEWS

Real news for everyone

എ.ഡി.എമ്മിന്റെ മരണം: വാക്കിലുണ്ട് നടപടി, കാണാനില്ല ദിവ്യയെ; ഒളിച്ചുകളി വിടാതെ പോലീസ്

SHARE THIS ON

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടും കേസിൽ പ്രതിയായ സി.പി.എം. നേതാവ് പി.പി. ദിവ്യയെ ‘കാണാതെ’ പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ ദിവ്യയെ പോലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തിൽതന്നെയാണ് നവീൻ ബാബുവിന്റെ മരണത്തിനുശേഷം ഒൻപതാം ദിവസം മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അതുറപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അന്വേഷണത്തിൽ ഒരുരീതിയിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് തിങ്കളാഴ്ച എൽ.ഡി.എഫ്. യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നെങ്കിലും പോലീസ് ഇനിയും അനങ്ങിയിട്ടില്ല. ഒളിവിൽക്കഴിയുന്ന ദിവ്യയെ കണ്ടെത്താൻ ഒരുശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 17-നാണ് ദിവ്യയുടെ പേരിൽ കേസെടുത്തത്. 18-ന്‌ രാവിലെ ടൗൺ പോലീസ് സ്റ്റേഷൻ പരിസരത്ത് വാഹനത്തിലെത്തിയ ദിവ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള കെ.വി. മുകുന്ദന് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് കൈമാറിയെങ്കിലും പോലീസ് ‘വിവരമറിഞ്ഞില്ല’. അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ഒരുതവണ ദിവ്യയുടെ ഇരിണാവിലെ വീട്ടിൽ പോയതൊഴിച്ചാൽ അവരെ കണ്ടെത്താൻ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. ദിവ്യ കണ്ണൂരിൽത്തന്നെ ‘രഹസ്യകേന്ദ്രത്തിൽ’ കഴിയുന്നുണ്ടെന്ന വിവരവും പോലീസിനുണ്ട്.

മുൻകൂർജാമ്യ ഹർജി തള്ളിയാൽ?

വ്യാഴാഴ്ചയാണ് ദിവ്യയുടെ മുൻകൂർജാമ്യഹർജി കോടതി പരിഗണിക്കുന്നത്. മുൻകൂർജാമ്യം കിട്ടാനുള്ള സാവകാശമൊരുക്കാനാണ് പോലീസ് കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് വിമർശം. ഹർജി തള്ളിയാൽ പോലീസ് എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം. പാർട്ടിയും സർക്കാരും കൈയൊഴിഞ്ഞുവെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടേതെങ്കിൽ പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടിവരും. ജനവികാരത്തിനൊപ്പം സർക്കാർ ജീവനക്കാരുടെയും സംഘടനകളുടെയും പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ കഴിയാതെ വന്നതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശപ്രകാരം ദിവ്യയെ പെട്ടെന്ന് മാറ്റിയത്.

അതിനിടയിലും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ഉയർന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയും വേറിട്ട നിലപാട് സ്വീകരിച്ചതോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് പാർട്ടി ആ കുടുംബത്തോടൊപ്പമാണെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും കേസിന്റെ കാര്യത്തിൽ പോലീസിന്റെ മെല്ലെപ്പോക്ക് മാറിയില്ല.

പത്തനംതിട്ട ജില്ലാ സെക്രട്ടറി ഇന്ന്‌ തലശ്ശേരിയിൽ

തലശ്ശേരിയിലെ ജില്ലാ സെഷൻസ്‌ കോടതിയിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച നടക്കുന്ന വാദം കേൾക്കാൻ സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എത്തും. നവീൻ ബാബുവിന്റെ സഹോദരൻ കെ. പ്രവീൺ ബാബുവും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നാണറിയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!