ദേശീയപാത വികസനം: പടന്നക്കാട് രണ്ടാമത്തെ മേൽപ്പാലം വരുന്നതോടെ പുതുക്കൈ–നമ്പ്യാർക്കാൽ പ്രദേശത്തേക്കുള്ള വഴി അടയുമെന്ന് ആശങ്ക

നീലേശ്വരം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പടന്നക്കാട്ട് രണ്ടാമത്തെ മേൽപാലത്തിന് എംബാങ്ക്ഡ് രീതിയിൽ അപ്രോച്ച് റോഡ് വരുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ 5 വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പുതുക്കൈ– നമ്പ്യാർക്കാൽ റോഡിലേക്കുള്ള വഴി അടയുന്നു. നമ്പ്യാർക്കാലിൽ റോഡ് പാലം വന്നതോടെ മലയോരത്തു നിന്നുള്ള യാത്രക്കാർക്കുമുള്ള എളുപ്പവഴിയാണിത്. പുതുക്കൈ, മൂലപ്പള്ളി, വാഴുന്നോറടി, ചേടിറോഡ്, ആലിങ്കീൽ, ബങ്കളം, ചിറപ്പുറം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ളവർ യാത്ര ചെയ്യുന്ന റോഡിലേക്കുള്ള പ്രവേശനമാർഗമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി അടയാൻ പോകുന്നത്. ഇതോടെ ഈ ഭാഗത്തെ വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പുതുക്കൈ– നമ്പ്യാർക്കാൽ റോഡിലേക്കുള്ള പ്രവേശന മാർഗം ഉറപ്പാക്കും വിധം കിഴക്കുഭാഗത്ത് സർവീസ് റോഡിന് ആവശ്യമായ സ്ഥലം അധികാരികൾ എടുത്തു നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പാലത്തിന്റെ അടിയിൽക്കൂടി പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡ് സൗകര്യം ഉറപ്പുവരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ ഉയർന്നിരിക്കുന്ന യാത്രാഭീഷണി പരിഹരിച്ചില്ലെങ്കിൽ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ പുതുക്കൈ ബൂത്ത് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കുന്നുംകൈ, ഭീമനടി വഴി വരുന്ന സ്വകാര്യ വാഹനങ്ങളും ചെറു വാഹനങ്ങളും കാഞ്ഞങ്ങാട്ടേക്ക് എളുപ്പത്തിൽ എത്താൻ ഈ വഴിയാണ് ആശ്രയിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ വാർഡുകൾ ഉള്ള പുതുക്കൈ വില്ലേജിലേക്കുള്ള വഴിയുമാണിത്. ഇവിടത്തുകാർ കാഞ്ഞങ്ങാട് നഗരവുമായി ബന്ധപ്പെടുന്നതും ഇതേവഴിയാണ്.

