ഏകീകൃത സിവില്‍കോഡ് ഉടന്‍; നടപടികളിലേക്ക് കടന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഏക സിവില്‍കോഡിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍വന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാന്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നല്‍കിയതായി ധാമി ശനിയാഴ്ച പറഞ്ഞിരുന്നു. സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പദ്ധതികളെ നേരിടുന്നതിന് ഉത്തരാഖണ്ഡിലേക്ക് വരുന്ന ആളുകളുടെ പൂര്‍വ്വകാലം പരിശോധിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവില്‍ കോഡ് നടപ്പാക്കല്‍.

