കുമ്പളയിലെ ടൂറിസ്റ്റ് ബംഗ്ലാവ് സാമൂഹ്യ വിരുദ്ധരുടെ താവളം; കെട്ടിടം പൊളിച്ച് മാറ്റണമെന്നാവശ്യപെട്ട് അഷ്റഫ് കർള
ബാലാവകാശ കമ്മീഷന് നിവേദനം നൽകി

കുമ്പള : 1954 ലെ കാമരാജ് സർക്കാരിൻ്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ കുമ്പളയിൽ നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ്( ടി.ബി) നിലവിൽ തിരിഞ്ഞു നോക്കാൻ ആളില്ലാതെ സാമൂഹ്യ വിരുദ്ധർ താവളമാക്കിയതോടെ കെട്ടിടം പൊളിച്ച് മാറ്റുകയോ മറ്റേതെങ്കിലും സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നതിനോ മറ്റോ നടപടി സ്വീകരിക്കണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സംസ്ഥാന ബാലാവകാശ കമ്മീഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കുമ്പള കുമ്പള ഗവ: ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തോട് ചേർന്നാണ് വർഷങ്ങളായി പ്രവർത്തനം നിലച്ച
അപകടാവസ്ഥയിലായ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇടിഞ്ഞു പൊളിഞ്ഞു നാഥനില്ലാതെ കിടക്കുന്ന കെട്ടിടം വർഷങ്ങളായി അനാശാസ്യ പ്രവർത്തനത്തിൻ്റെയും മദ്യപാനികളുടെയും സങ്കേതമാണ്.പകൽ സമയങ്ങളിൽ പോലും ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സ്കൂൾ കുട്ടികളുടെ മുന്നിൽ വച്ച്സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടിയുണ്ടായിട്ടില്ല.
ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹ്യ നന്മയ്ക്ക് ഉപകരിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാനാവശ്യമായ നടപടിയുണ്ടാകണം.
ഇവിടെ വച്ച്സ്കൂൾ കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച് വാർത്താ മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
അതിനാൽ അടിയന്തിരമായും കെട്ടിടം അവിടെനിന്ന് പൊളിച്ചു മാറ്റാൻ അടിയന്തിര നടപടിയുണ്ടാകണമെന്ന് അഷ്റഫ് കർള നിവേദനത്തിൽ ആവശ്യപ്പെട്ടു.

