തോക്ക് ലോബിക്കെതിരെ നിലകൊള്ളേണ്ട സമയമായി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്

വാഷിങ്ടന്‍∙ അമേരിക്കയിലെ പ്രബലരായ ആയുധ ലോബിക്കെതിരെ ജനങ്ങള്‍ നിലകൊള്ളണമെന്ന് പ്രസിഡന്റ് ജോ ബൈഡന്. ടെക്സസിലെ സ്കൂളില്‍ 18 വയസുകാരന് 21 പേരെ വെടിവച്ചു കൊന്നതിനു പിന്നാലെയാണ് തോക്ക് ലോബിക്കെതിരെ ജോ ബൈഡന് രംഗത്തെത്തിയത്. ‘ദൈവത്തിന്റെ പേരില്‍, എന്നാണ് നമ്മള് എല്ലാവരും തോക്ക് ലോബിക്കെതിരെ നിലകൊള്ളുന്നത്’. -വൈറ്റ് ഹൗസിലെ ചടങ്ങില്‍ ബൈഡന് ചോദിച്ചു.
എല്ലാ മാതാപിതാക്കള്‍ക്കും വേണ്ടി യുഎസിലെ മുഴുവന്‍ പൗരന്മാരും പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും ബൈഡന് പറഞ്ഞു. ‘ഒരു മകനോ മകളോ നഷ്ടപ്പെടുന്നത് ആത്മാവിന്റെ ഒരു ഭാഗം ചീന്തിയെടുക്കുന്നതു പോലെയാണ്. നിങ്ങളുടെ നെഞ്ചില്‍ ഒരു വലിയ ഗര്‍ത്തമുണ്ടായി അതിലേക്കു വീണു പോകുന്നതു പോലെ തോന്നും. മുമ്പുണ്ടായിരുന്നതു പോലെ ഒരിക്കലും പിന്നീട് ആകാന്‍ കഴിയില്ല.’ – ബൈഡന് പറഞ്ഞു. തന്റെ ആദ്യഭാര്യയും മകളും 1972ല്‍ കാറപടകത്തില്‍ മരിച്ചതും 2015 മകന് അര്‍ബുദബാധിതനായി മരിച്ചതും ബൈഡന് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും നടപടികള്‍ സ്വീകരിക്കാനുള്ള ധൈര്യം ഉണ്ടാകണമെന്നും വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.

