കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാഴ്സൽ സർവീസ് നിർത്തി; ദുരിതത്തിലായി ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ

കാസർകോട്: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാഴ്സൽ സർവീസ് നിർത്തി. ദുരിതത്തിലായത് ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. വർഷത്തിൽ 49.70 കോടി രൂപ വരുമാനമുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ സർവീസിലും നല്ല വരുമാനമാണ് കിട്ടുന്നത്. പാലക്കാട് ഡിവിഷനിലെ കാസർകോട്, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാഴ്സൽ സർവീസാണ് നിർത്തിയത്. പാഴ്സൽ സംവിധാനം ലാഭകരമല്ലെന്ന കാരണത്താലാണ് സർവീസ് നിർത്തിയതെങ്കിലും 5 മിനിറ്റിലേറെ സമയം നിർത്തിയിടുന്ന സ്റ്റേഷനുകളിൽ മാത്രമേ പാഴ്സൽ സർവീസ് തുടരാൻ പാടുള്ളൂ എന്ന റെയിൽവേയുടെ തീരുമാനത്തിന്റെ ഭാഗമാണ് ഈ സ്റ്റേഷനുകളിൽ പാഴ്സൽ സർവിസ് ഒഴിവാക്കിയതെന്നും പറയുന്നു.
പാലക്കാട് ഡിവിഷനിൽ കാസർകോട്, തലശ്ശേരി സ്റ്റേഷനുകളിൽ മാസത്തിൽ ലക്ഷങ്ങളാണ് വരുമാനമായി ലഭിക്കുന്നത്. കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ചെറുകിട വ്യാപാരികൾ സാധനങ്ങൾ ദിവസേന ട്രെയിനുകളിൽ കാസർകോട്ടേക്ക് അയയ്ക്കാറുണ്ട്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ സർവീസ് നിർത്തിയതോടെ ജില്ലയിലുള്ളവർക്ക് ട്രെയ്നിലൂടെ പാഴ്സൽ അയയ്ക്കാനും സ്വീകരിക്കാനുമായി ഇനി മുതൽ കിലോമീറ്റർ അകലെയുള്ള കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തണം. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും സർവീസ് നിലനിർത്താൻ നടപടിയെടുക്കണമെന്ന് യാത്രക്കാരും ചെറുകിട വ്യാപാരികളും ആവശ്യപ്പെട്ടു.
ജില്ലയിലെ ഏക റെയിൽവേ പാഴ്സൽ സർവീസ് നിർത്തിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി സതേൺ റെയിൽവേ ജനറൽ മാനേജർക്കു നിവേദനം നൽകി. സർവീസ് നിർത്തിയതോടെ സ്റ്റേഷനെ ആശ്രയിച്ചിരുന്നവർ ഇനി മുതൽ കിലോമീറ്റർ അകലെയുള്ള കണ്ണൂർ, മംഗളൂരു സ്റ്റേഷനുകളിൽ എത്തണം. ഇതു യാത്രക്കാരോടുള്ള അനീതിയാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ സർവീസ് നിർത്തലാക്കിയത് പ്രതിഷേധാർഹവും ജനദ്രോഹപരവുമാണെന്ന് കല്ലട്ര മാഹിൻ എംഎൽഎ പറഞ്ഞു.
ദക്ഷിണ റെയിൽവേയിലെ പ്രധാനപ്പെട്ട ജില്ലാ ആസ്ഥാന സ്റ്റേഷനുകളിലൊന്നായ കാസർകോടിനോട് കാണിക്കുന്ന വിവേചനം യാതൊരു ന്യായീകരണവുമില്ലാത്തതാണെന്നും എംഎൽഎ ആരോപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിആർഎം എന്നിവർക്ക് കത്തയച്ചതായി എംഎൽഎ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാഴ്സൽ സർവീസ് അവസാനിപ്പിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകുമെന്നും മന്ത്രിയെ നേരിൽകണ്ട് വിഷയം ശ്രദ്ധയിൽപെടുത്തുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി പറഞ്ഞു.

