കുട്ടികളും റെയിൽവേ പാളത്തിൽ കല്ല് വയ്ക്കുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം

കാസർകോട് ∙ കൗതുകത്തിന്റെ പേരിൽ കുട്ടികൾ പാളത്തിൽ കല്ലു വയ്ക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ആർപിഎഫിന് ലഭിച്ചിട്ടുണ്ടെന്ന് ആർപിഎഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ ജിതിൻ ബി.രാജ്. ജില്ലയിലെ വിവിധ ഇടങ്ങളിലെ റെയിൽവേ പാളത്തിൽ കരിങ്കൽ കഷണങ്ങളും ഇരുമ്പ് പാളിയും വച്ചതായി കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം
പാളത്തിൽ കല്ല് വയ്ക്കുന്നത് ജീവപര്യന്തം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണെന്ന് സെക്യൂരിറ്റി കമ്മിഷണർ ജിതിൻ ബി.രാജ് പറഞ്ഞു. സംഘം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. 3 സ്ഥലത്ത് കല്ലുകൾ വച്ചത് കുട്ടികളാണെന്ന് ട്രാക്ക്മാൻ കണ്ടതാണ്.കുട്ടികൾ സ്കൂളിലേക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴുമാണ് പാളത്തിൽ കല്ലു വയ്ക്കുന്നത്. കുട്ടികൾ ഓടിപ്പോയെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൃക്കണ്ണാട്ട് പാളത്തിൽ ഇരുമ്പ് പാളി വച്ചത് കുട്ടികൾ അല്ല, മുതിർന്നവരാണ്. ഇതു വളരെ ഗൗരവത്തോടെയാണ് റെയിൽവേ സുരക്ഷാ വിഭാഗം നോക്കി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ട്രെയിനിനു നേരെ അക്രമം തുടർക്കഥ
കാഞ്ഞങ്ങാട്–കുമ്പള റെയിൽവേ സ്റ്റേഷനിടയിൽ അടുത്ത കാലത്തായി പാളത്തിൽ കല്ലുകളും ഇരുമ്പു കഷണങ്ങളും വയ്ക്കൽ, ഓടുന്ന ട്രെയിനിനു നേരെ കല്ലും ബീയർ കുപ്പികളും എറിയൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 5 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൃക്കണ്ണാട് അടിപ്പാതയുടെ സമീപത്ത് കണ്ണൂർ ഭാഗത്തേക്കുള്ള പാളത്തിൽ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഇരുമ്പ് പാളി കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദിനടുത്തെ പാളത്തിൽ മൂന്നിടങ്ങളിലായി കരിങ്കൽ കഷണങ്ങൾ വച്ച നിലയിലും കണ്ടെത്തി. ഇതിനു പുറമേ ഇരുമ്പ് പാളി വച്ച് അതേ ദിവസം വൈകിട്ട് ചിത്താരിയിൽ കോയമ്പത്തൂർ–മംഗളൂരു പാസഞ്ചർ ട്രെയിനു നേരെ കല്ലേറുമുണ്ടായി. ഒരു മാസം മുൻപ് കുമ്പള, മൊഗ്രാൽ പുത്തുർ, മഞ്ചേശ്വരം എന്നിവിടങ്ങളിലെ പലയിടങ്ങളിലായി ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പരിശോധന ശക്തമാക്കും
കുമ്പള മുതൽ കാഞ്ഞങ്ങാട് വരെയുള്ള റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും റെയിൽവേ എൻജിനീയറിങ് വിഭാഗവും രാത്രികാല പരിശോധനകൾ ശക്തമാക്കുന്നതിന് ആർപിഎഫും പൊലീസും ചേർന്നു നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. ഇതര ജില്ലകളിലുള്ള ആർപിഎഫ് ഉദ്യോഗസ്ഥരെ കൂടി ഇതിനായി ഇവിടേക്ക് നിയമിക്കുമെന്ന് കമ്മിഷണർ ജിതിൻ ബി.രാജ് പറഞ്ഞു. റെയിൽവേ പാളത്തിന്റെ സമീപങ്ങളിലായി അനാവശ്യമായിട്ടുള്ള കോൺക്രീറ്റ്–ഇരുമ്പ് പാളികൾ മാറ്റാൻ റെയിൽവേ എൻജിനീയർ വിഭാഗത്തോടു നിർദേശിക്കും.
കോട്ടികുളം റെയിൽവേ സ്റ്റേഷനിലെ പാളത്തിനു സമീപത്ത് കാട് വളർന്നിട്ടുണ്ട്. ഇതു മദ്യപാന സംഘങ്ങൾ താവളമാക്കുന്നു. കാട് വെട്ടി തെളിക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. ആർപിഎഫ് സിഐ എം.അക‍്ബർ അലി, എസ്ഐ പി.കെ.കതിരേഷ് ബാബു, എഎസ്ഐ വി.കെ.ബിനോയ് കുര്യൻ, ക്രൈം എസ്ഐ അജിത്ത് അശോക്, വി.ടി.രാജേഷ്, ശ്രീകാന്ത് എന്നിവരും കമ്മിഷണറോടൊപ്പം ഉണ്ടായിരുന്നു.

