KSDLIVENEWS

Real news for everyone

മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസ്; ഷാജന്‍ സ്കറിയ നാളെ ഹാജറാകണം, ഇല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി

SHARE THIS ON

കൊച്ചി: മതവിദ്വേഷം വളര്‍ത്താൻ ശ്രമിച്ചെന്ന കേസില്‍ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് ഹൈക്കോടതി. രാവിലെ നിലമ്ബൂര്‍ എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയാല്‍ മുൻകൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നിലമ്ബൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമര്‍ശിച്ചത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസില്‍ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജൻ ആവശ്യപ്പെട്ടത്. അതേസമയം, ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ റിപ്പോര്‍ട്ട്‌ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!