20,000 കോടിയുടെ കരാര്‍: വ്യോമസേനയ്ക്ക് 56 വിമാനങ്ങള്‍ കൂടി, 40 എണ്ണം നിര്‍മ്മിക്കുക ഇന്ത്യയില്‍

ന്യൂഡൽഹി: വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാൻ 20,000 കോടിരൂപയുടെ വിമാനകരാർ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം. സ്പെയിനിലെ എയർബസ് ഡിഫൻസ് സ്പേസ് ആൻഡ് സ്പേസുമായാണ് കരാർ. ഇതുപ്രകാരം, 56 c-295 മീഡിയം സൈനിക വിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിക്കും. ഇപ്പോഴുള്ള Avro-748-ന് പകരക്കാരനായാണ് c-295 മീഡിയം വിമാനങ്ങൾ എത്തുന്നത്. 5-10 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വിമാനങ്ങൾക്ക് സംഘർഷ മേഖലകളിലേക്ക് സൈനികരെയും വസ്തുക്കളെയും എത്തിക്കാൻ സാധിക്കും. 16 എണ്ണത്തിന്റെ നിർമാണം സ്പെയിനിൽ, ബാക്കി ഇന്ത്യയിൽ കരാർ ഒപ്പിട്ട് 48 മാസത്തിനള്ളിൽ, നിർമാണം പൂർത്തിയാക്കിയ 16 വിമാനങ്ങൾ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനി ഇന്ത്യക്ക് കൈമാറും. ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമിക്കും. എയർബസ് ഡിഫൻസ് ആൻഡ് സ്പേസ്- ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റ(ടി.എ.എസ്.എൽ.)ഡ് കൺസോർഷ്യമാണ് ഈ നാൽപ്പതു വിമാനങ്ങൾ നിർമിക്കുക. കരാർ നിലവിൽ വന്ന് പത്തുവർഷത്തിനുള്ളിലാണ് ഈ നാൽപ്പത് വിമാനങ്ങൾ നിർമിച്ച് സേനയ്ക്ക് കൈമാറേണ്ടത്. ഇതാദ്യമായാണ് സൈനിക വിമാനങ്ങൾ ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി നിർമിക്കുന്നത്. ചരിത്രപരമായ കരാറിനെ അഭിനന്ദിച്ച് രത്തൻ ടാറ്റ കരാറിനു പിന്നാലെ എയർബസ് ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, പ്രതിരോധ മന്ത്രാലയം എന്നിവരെ അഭിനന്ദിച്ച് ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ രത്തൻ ടാറ്റ രംഗത്തെത്തി. എയർബസ് ഡിഫൻസും ടി.എ.എസ്.എല്ലുമായുള്ള സംയുക്ത സംരംഭത്തെ മഹത്തായ ചുവടുവെപ്പ് എന്നാണ് ടാറ്റ വിശേഷിപ്പിച്ചത്. അനുമതി ലഭിച്ചത് രണ്ടാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മിറ്റി രണ്ടാഴ്ച മുൻപാണ് കരാറിന് അനുമതി നൽകിയത്. ഇതിനു പിന്നാലെയാണ് കരാർ ഒപ്പിട്ടത്. കാലപ്പഴക്കം ചെന്ന അവ്റോ 748-ന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം ഒൻപതു കൊല്ലം മുൻപേ ആരംഭിച്ചിരുന്നു.

