മൈറ്റി ഓസീസ്: നെതര്‍ലന്‍ഡ്സിനെതിരേ കുറിച്ചത് 309 റണ്‍സിന്റെ റെക്കോഡ് ജയം

ഡല്‍ഹി: ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ച ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് ടീമിനെ 21 ഓവറില്‍ വെറും 90 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ അഫ്ഗാനിസ്താനെ 275 റണ്‍സിന് തകര്‍ത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് തിരുത്തിയെഴുതിയത്. 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ നെതര്‍ലന്‍ഡ്സ് ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസീസ് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തി. 25 റണ്‍സെടുത്ത വിക്രംജിത് സിങ്ങാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്കോറര്‍. വിക്രംജിത്തിനെ കൂടാതെ തേജ നിദമനുരു (14), ക്യാപ്റ്റന്‍ സ്കോട്ട് എഡ്വാര്‍ഡ്സ് (12), സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് (11), കോളിന് ആക്കെര്മാന് (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഡച്ച് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു. നേരത്തേ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തിരുന്നു. ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും സെഞ്ചുറികളും സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന് എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഓസീസിനെ വമ്പന്‍ സ്കോറിലെത്തിച്ചത്. ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തിയ വാര്‍ണര്‍ 93 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 104 റണ്‍സെടുത്തു. ലോകകപ്പ് മത്സരങ്ങളില്‍ വാര്‍ണറുടെ ആറാം സെഞ്ചുറിയാണിത്. ഇത്തവണത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തേതും. ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ പഞ്ഞിക്കിട്ട മാക്സ്വെല് 27 പന്തില്‍ നിന്ന് 50-ഉം 40 പന്തില്‍ നിന്ന് സെഞ്ചുറിയും തികച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയ മാക്സ്വെല് വെറും 44 പന്തില്‍ നിന്ന് എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 106 റണ്‍സെടുത്തു. നാലാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ (9) നഷ്ടമായ ഓസീസിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വാര്‍ണര്‍ – സ്മിത്ത സഖ്യം 132 കൂട്ടുകെട്ടുണ്ടാക്കിയതോടെ തന്നെ ചിത്രം വ്യക്തമായിരുന്നു. പതിവിലും വേഗത്തില്‍ ബാറ്റ് വീശിയ സ്മിത്ത് 68 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ബൗണ്ടറികളുമടക്കം 71 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ ലബുഷെയ്നും മോശമാക്കിയില്ല. 47 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 62 റണ്‍സ്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 84 റണ്‍സ് ചേര്‍ത്ത ശേഷമാണ് താരം മടങ്ങിയത്. തുടര്‍ന്ന് വന്ന ജോഷ് ഇംഗ്ലിസ് 14 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വാര്‍ണറും മടങ്ങി. പിന്നീടായിരുന്നു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച മാക്സ്വെല് വെടിക്കെട്ട്. നെതര്‍ലന്‍ഡ്സിനായി ലോഗന് വാന്‍ ബീക് നാല് വിക്കറ്റ് വീഴ്ത്തി.

