തെലങ്കാനയില്‍ BJPയിലേക്കുപോയ മുന്‍ MLA വീണ്ടും കോണ്‍ഗ്രസിലേക്ക്; നീക്കം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

ഹൈദരാബാദ്: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ തെലങ്കാന മുന്‍ എം.എല്‍.എ തിരികെ വീണ്ടും കോണ്‍ഗ്രസിലേക്ക്. ബി.ജെ.പിയില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനിപ്പുറമാണ് കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് റെഡ്ഡിയുടെ പാര്‍ട്ടിമാറ്റം.
തെലങ്കാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും അതിന്റെ കൂടെയാണ് താനെന്നും രാജി പ്രഖ്യാപിച്ച് റെഡ്ഡി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ കെ.സി.ആര്. സര്‍ക്കാരിനെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. എം.എല്‍.എ. സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മുനുഗോഡെയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബി.ആര്.എസ്. സ്ഥാനാര്‍ത്ഥിയോട് 10,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
വന്‍ തോതില്‍ പണമൊഴുകിയ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു നവംബറില്‍ മുനുഗോഡെയില്‍ നടന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിശോധനയില്‍ എട്ട് കോടി രൂപയും 5000 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിരുന്നു. റെഡ്ഡിയുടെ സഹോദരന് കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി ഭുവനഗിരി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി.യാണ്.

