ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിസർവേയെച്ചൊല്ലി സംഘർഷം; മൂന്നുപേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പള്ളിസർവേയെ എതിർത്ത് ജനക്കൂട്ടവും പോലീസുമായുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നയീം, ബിലാൽ, നൗമൻ എന്നിവരാണ് മരിച്ചതെന്ന് മൊറാദാബാദ് ഡിവിഷണൽ കമ്മിഷണർ ആഞ്ജനേയ കുമാർ സിങ് പറഞ്ഞു. സംഘർഷത്തെത്തുടർന്ന് പത്തുപേർ അറസ്റ്റിലായി.
കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്. പോലീസ് സൂപ്രണ്ടിന്റെ ഗൺമാനും പരിക്കേറ്റു. ഷാഹി ജുമാമസ്ജിദിൽ ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥർ സർവേനടപടികൾ ആരംഭിച്ചതിനെത്തുടർന്നാണ് ജനക്കൂട്ടം പ്രതിഷേധവുമായെത്തിയത്. 1529-ൽ മുഗൾചക്രവർത്തി ബാബർ ഭാഗികമായി തകർത്തെന്ന് പറയപ്പെടുന്ന ഹരിഹർ മന്ദിറിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിർമിച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ വിഷ്ണുശങ്കർ ജെയിൻ നൽകിയ പരാതിയിലാണ് പ്രദേശിക സിവിൽകോടതി സർവേക്ക് അനുമതിനൽകിയത്.
ജനക്കൂട്ടത്തിൽ ചിലർ പോലീസിനുനേരേ കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉത്തർപ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാർ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ പള്ളിക്കുസമീപം വിന്യസിച്ചതായും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരിൽ ചിലർ റോഡരികിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽനിന്ന് മനഃപൂർവം ശ്രദ്ധതിരിക്കാൻവേണ്ടിയാണ് യു.പി. സർക്കാരും പോലീസുംചേർന്ന് അക്രമം സംഘടിപ്പിച്ചതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി എന്നിവർ ആരോപിച്ചു.

