ഡ്രൈവറില്ലാതെ ചരക്ക് ട്രെയിന്‍ പാഞ്ഞത് 70 കിലോമീറ്റര്‍; ഒഴിവായത് വൻ ദുരന്തം, സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു

ജമ്മു/ചണ്ഡിഗഡ്: ജമ്മു കശ്‌മീരിലെ കത്തുവ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രയിന്‍ ഡ്രൈവറില്ലാതെ ഓടിയത് 70 കിലോമീറ്റര്‍!.
ഒഴിവായത് വന്‍ ദുരന്തം. പഞ്ചാബിലെ ഹോഷിപുര്‍ ജില്ലയിലെ ഉച്ചിബാസിയില്‍വച്ചാണു ട്രയിന്‍ തടഞ്ഞുനിര്‍ത്താനായത്. ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു.
ചിപ്പ് സ്‌റ്റോണുമായി ജമ്മുവില്‍നിന്നു പഞ്ചാബിലേക്കുപോവുകയായിരുന്നു ട്രെയിന്‍.
ലോക്കോപൈലറ്റ് മാറുന്നതിനായാണ് ട്രെയിന്‍ കത്തുവയില്‍ നിര്‍ത്തിയത്. ട്രെയിനില്‍നിന്നു ലോക്കോപൈലറ്റും സഹായിയും പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെ ഇറക്കത്തിലൂടെ ട്രെയിന്‍ മുന്നോട്ട് ഉരുണ്ടുനീങ്ങി. രാവിലെ 7.25 മുതല്‍ ഒമ്ബതു മണി വരെയാണു ട്രെയിന്‍ ഓടിയത്. ഇടയ്‌ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിച്ചെന്നാണു സൂചന.
പഞ്ചാബിലെ ഉച്ചിബാസിയിലെ കയറ്റത്തില്‍ സിമന്റ് ചാക്കുകളുടെ സഹായത്തോടെയാണു ട്രെയിന്‍ നിര്‍ത്താനായത്. റൂട്ടില്‍ അതീവജാഗ്രത പുലര്‍ത്തുകയും എല്ലാ റെയില്‍-റോഡ് ക്രോസിങ്ങുകളും സുരക്ഷിതമാക്കുകയും ചെയ്‌തിരുന്നതായി റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ (ജലന്ധര്‍) അശോക് കുമാര്‍ അറിയിച്ചു.

