KSDLIVENEWS

Real news for everyone

കൊണ്ടും കൊടുത്തും : ആ ഉപ്പിന്റെ അവകാശിയാര് ; കാസർഗോട്ടെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിലെ അവകാശ വാദത്തിൽ സ്ഥാനാർത്ഥികൾ നേർക്കുനേർ

SHARE THIS ON

കുഞ്ഞിരാമന്റെ അശ്രാന്തപരിശ്രമം

ബാവിക്കര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ ഉദുമ എം. എല്‍. എ കെ. കുഞ്ഞിരാമന്റെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ട് മാത്രമാണെന്ന് കാസര്‍കോട്ടെ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി എം .എ. ലത്തീഫ്. കാസര്‍കോട്ടെ ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. യു ഡി എഫ് സര്‍ക്കാര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്‍ എ നെല്ലിക്കുന്നിന്റെ പാര്‍ട്ടി നേതാക്കള്‍ മന്ത്രി ആയിട്ടുണ്ട്. അന്നൊന്നും പരിഹാരം കാണാതെയാണ് ഇപ്പോള്‍ അവകാശവാദവുമായി രംഗത്തിറങ്ങുന്നത് .

ഇടതുസര്‍ക്കാരിന്റെ ഏറ്റവും മികച്ച ഭരണനേട്ടമാണ് കാസര്‍കോട്ടെ ജനങ്ങളെ ശുദ്ധജലം കുടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്.

ഉദുമ മണ്ഡലത്തിലെ മുളിയാര്‍ പഞ്ചായത്തിലാണ് ബാവിക്കര കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്നത്. പദ്ധതി നടപ്പിലായി കിട്ടാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചത് ഉദുമ എം .എല്‍ .എ യാണ്. ജയിച്ചാല്‍ മാലിന്യമുക്ത നഗരമായി കാസര്‍കോടിനെ മാറ്റും. വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്നും എം എ ലത്തീഫ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കും കൊടുത്തു ഉപ്പുവെള്ളം 
കാസര്‍കോട്: അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വാട്ടര്‍ അതോറിറ്റി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്ന അതേ വെള്ളമാണ് ഞങ്ങള്‍ നല്‍കിയതെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്ത് . നമ്മള്‍ ഇതാണ് കുടിക്കുന്നത് , സാര്‍ ഇതൊന്ന് കുടിക്കണമെന്ന് പറഞ്ഞു. അദ്ദേഹമാണ് പറഞ്ഞത് ഇത് ഉപ്പുവെള്ളം തന്നെയാണെന്ന്.

മുഖ്യമന്ത്രിക്ക് വേദിയില്‍ പോയി ഉപ്പുവെള്ളം നല്‍കിയത് ശരിയോ തെറ്റോ എന്നതല്ല . അന്ന് അങ്ങിനെ ചെയ്തതില്‍ ഞാന്‍ ഇപ്പോള്‍ അഭിമാനിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇനിയും അത്തരം സമരം ചെയ്യും. പതിറ്റാണ്ടുകളായി ലീഗിനെ മാത്രം ജയിപ്പിച്ചത് കാസര്‍കോട് മണ്ഡലത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ബി ജെ പി വരാന്‍ പാടില്ലെന്ന അജണ്ട യു ഡി എഫും എല്‍ ഡി എഫും നടപ്പിലാക്കുകയാണ്. 10 വര്‍ഷമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആയിട്ട് ഈ മണ്ഡലത്തിന് എന്ത് ഗുണമാണ് കിട്ടിയത്. ഏറ്റവും കുറഞ്ഞ തുക വികസനത്തിന് ചിലവഴിച്ച മണ്ഡലമായി ഇത് മാറിയെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി..

പരിശ്രമം എന്റേത് തന്നെ

കാസര്‍കോട്: കാസര്‍കോട് ജനങ്ങള്‍ വര്‍ഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന പ്രശ്നത്തിന് പരിഹരിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് യു. ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍. എ. നെല്ലിക്കുന്ന്. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള ജനപ്രതിനിധിയാണ് ഞാന്‍. ഈ മണ്ഡലത്തിന്റെ ഒരു പ്രശ്നം ഉദുമ മണ്ഡലത്തിലെ എം .എല്‍. എ വന്നിട്ട് പരിഹരിച്ചു എന്നുപറയുന്നത് തെറ്റിദ്ധാരണാജനകമാണ്.

1998 ല്‍ എട്ടര കോടിയുടെ കരാര്‍ പദ്ധതി കൃത്യമായി നടത്തുന്നതിന് പി. ജെ. ജോസഫ് ജലസേചന മന്ത്രിയായിരിക്കെ 35 ശതമാനം വര്‍ദ്ധിപ്പിച്ചത് കൊണ്ടാണ് ബാവിക്കര പദ്ധതി ഇന്ന് പൂര്‍ത്തിയായത്. ആ പദ്ധതിയുടെ വഴിത്തിരിവായിരുന്നു അതെന്നും അല്ലെങ്കില്‍ ഇന്നും ഉപ്പുവെള്ളം തന്നെ കുടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ വികസനത്തിനായി 468 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി. എന്നാല്‍ കേന്ദ്ര സംസ്ഥാന-സര്‍ക്കാരുകള്‍ ഈ നാടിനെ അവഗണിക്കുകയാണ്. അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് കിട്ടാന്‍ എം എല്‍ എ യ്ക്ക് വണ്ടിയില്‍ യാത്ര ചെയ്ത് ചങ്ങല വലിക്കേണ്ടിവന്നുവെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!