കിഫ്ബി റെയ്ഡ് ഊളത്തരം; ഡല്‍ഹി യജമാനന്‍മാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടരാണ് ഏജന്‍സികള്‍- ഐസക്

തിരുവനന്തപുരം : കിഫ്ബിയിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ കടുത്ത വിമർശവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരമാണ്. ഐആർഎസ്സുകാർ 15 പേരെ കൂട്ടി കിഫ്ബി ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കിഫ്ബി ഒരു ധനകാര്യ സ്ഥാപനമാണ്. അതിന്റെ സത്പേര് നശിപ്പിക്കാനാണ് റെയ്ഡ് നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു. ഹൂളിഗനിസത്തിന്റെ നല്ല ഉദാഹരണം ആണ് നടന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
തോമസ് ഐസക്കിന്റെ വാർത്താ സമ്മേളത്തിൽ നിന്ന്
“100 കോടിരൂപയുടെ കോൺട്രാക്ടിൽ 10 കോടി രൂപ ഇൻകംടാക്സ് വിഹിതമായിട്ടുണ്ടെങ്കിൽ 10 കോടി രൂപ എസ്പിബിക്ക് കൊടുക്കും. 90 കോടി രൂപ കോൺട്രാക്ടർക്ക് കൊടുക്കും. ഇങ്ങനെയാണ് ബിഡ് ചെയ്യുന്നത്. ഇതാണ് എസ്പിബിയുമായുള്ള കരാർ. ഇങ്ങനെയാണ് സർക്കാർ ഉത്തരവിൽ പറയുന്നതും. ഇതുവരെ 73 കോടി രൂപ ഇൻകംടാക്സ് ഡിഡക്ഷൻ മാത്രമായി വിവിധ എസ്പിബികൾക്ക് നൽകിയിട്ടുണ്ട്. ഇതെല്ലാം അവർ ചോദിച്ചപ്പോൾ വിശദീകരിച്ചതും കടലസ്സു കൊടുത്തതുമാണ്. ആരെങ്കിലും അടച്ചില്ലെങ്കിൽ ഇൻകംടാക്സുകാർ എസ്പിബിയിൽ പരിശോധിച്ചാൽ മതി. അവരാണ് ഉത്തരവാദികൾ. ഇവിടെ മെക്കിട്ട് കയറണ്ട “, തോമസ് ഐസക്ക് പറഞ്ഞു
“ഇന്നേവരെ എസ്പിബിക്ക് കൊടുത്ത പണം ഇൻകംടാക്സിൽ അടക്കാതിരുന്നിട്ടില്ല. കാശും മേടിച്ച് പോക്കറ്റിലെടുത്തുവെച്ച് റെയ്ഡ് നടത്തുന്നു. ഇതാണ് തെമ്മാടിത്തം. ഡൽഹിയിലെ യജമാനൻമാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ഇൻകംടാക്സും ഐആർഎസ്സും സകല ഏജൻസികളും അധപതിച്ചു. എന്താണ് ഇവർക്കറിയേണ്ടത്. കിഫ്ബി ഓഫീസിൽ വന്ന് ഈ കടല്ലാസ്സെല്ലാം പരതി എന്ത് കണ്ടുപിടിക്കാൻ പോവുകയാണ്. കിഫ്ബിയുടെ മുഴുവൻ പേയ്മെന്റും പ്രൊജക്ടുകളും പ്രൊജക്ട് ഫണ്ട് മാനേജ്മന്റ് സിസ്റ്റത്തിന്റെ മുഴുവൻ പാസ് വേർഡും കൊടുക്കാം”. , തോമസ് ഐസക്ക് വെല്ലുവിളിച്ചു
“റെയ്ഡും കഴിഞ്ഞ് ഇറങ്ങിപ്പോയപ്പോൾ മഞ്ജിത് പറഞ്ഞതെന്താ… ഞങ്ങൾക്ക് ചില ഉത്തരങ്ങൾ തൃപ്തിയായില്ല പരിശോധിക്കാൻ വന്നതാണ് എന്ന്. 12 മണിക്ക് റെയ്ഡ് ആരംഭിക്കുന്നു. സിഇഒയെ ചോദ്യം ചോദിക്കുന്നു. കിഫ്ബിയുടെ സിഇഒ കെ എം എബ്രഹാമാണ്. മഞ്ജിത് സിങിന് വേണ്ടത്ര വിവരമില്ലെങ്കൽ സഹാറ കേസ് പോയി വായിക്ക്. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന്. പ്രണബ് മുഖർജിയും മന്ത്രാലയം മൊത്തം നോക്കിയിട്ടും കെ എം എബ്രഹാമിന്റെ നിലപാടിൽ മാറ്റം വരുത്താൻ പറ്റുന്നില്ല. അയാളെയാണ് ജൂനിയർ ഓഫീസർ ചോദ്യം ചോദിക്കുന്നത്. ചോദ്യം ചോദിക്കുന്നതാകട്ടെ വാട്സാപ്പ് വഴിയുള്ള ചോദ്യങ്ങളും . എന്താണ് പ്രശ്നം. എന്താണിവർ തിരയുന്നത്. ഇൻകംടാക്സ് അടച്ചിട്ടുണ്ട്. എസ്പിബിയാണ് ഉത്തരവാദി അല്ലാതെ കിഫ്ബിയല്ല”, തോമസ് ഐസക്ക് പറഞ്ഞു.
“കിഫ്ബിയിൽ നിന്നുള്ള മുഴവൻ കാര്യങ്ങളും നോക്കാൻ പാസ്വേഡ് തരാം. ഈ ഓഫീസിൽ വന്നിരുന്നു സ്ഥാപനത്തെ അപകീർത്തിപ്പെടുത്തരുത്. ഇവനെയൊക്കെ മാപ്പ് പറയിക്കണം. 60,000 കോടിയുടെ വിഭവം സമാഹരിച്ചിട്ട് നാടിന്റെ മുഖച്ചായ മാറ്റാൻ ശ്രമിക്കുമ്പോൾ ചല കൂട്ടങ്ങൾ ഇറങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ വരവ് അവസാനത്തേതാണെന്ന് കരുതുന്നില്ല. അടുത്ത ഈസ്റ്റർ അവധിക്ക് മുമ്പ് ഇഡിയുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. വരട്ടെ”, തോമസ് ഐസക്ക് പറഞ്ഞവസാനിപ്പിച്ചു.

