ബി.ജെ.പി. സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക; 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് ആരോപണം

മൈസൂരു: സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെതിരേ അഴിമതി ആരോപണവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി. ബി.ജെ.പി. സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് പ്രിയങ്ക ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മൈസൂരുവിലെ ടി. നർസിപുരിൽ പൊതുയോഗത്തിൽ സംസാരിക്കവേയാണ് പ്രിയങ്ക സർക്കാരിനെ കടന്നാക്രമിച്ചത്. 40 ശതമാനം കമ്മിഷൻ സർക്കാർ ഒരു ലജ്ജയുമില്ലാതെയാണ് സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിച്ചത്. ജനങ്ങൾക്ക് പ്രയോജനകരമായി, സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട സമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. ഒരു എം.എൽ.എ.യുടെ മകനിൽനിന്ന് എട്ടുകോടി രൂപ പിടിച്ചെടുത്തു. എന്നാൽ, അന്വേഷണമുണ്ടായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കരാറുകാരുടെ ആത്മഹത്യയും അഴിമതി ആരോപിച്ച് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതിയതുമടക്കം സംസ്ഥാനത്തുനടന്ന വിവിധ അഴിമതി വിഷയങ്ങൾ പ്രിയങ്ക ഉയർത്തിക്കാട്ടി. അഴിമതിയിൽ ബി.ജെ.പി.യിലുള്ളവർക്ക് പങ്കുള്ളതിനാലാണ് നടപടിയുണ്ടാകാത്തതെന്നും പ്രിയങ്ക ആരോപിച്ചു. കോൺഗ്രസ് 150 സീറ്റുകളോടെ അധികാരത്തിൽ വരുമെന്നും പ്രിയങ്ക അവകാശപ്പെട്ടു. അടുത്തിടെ കർണാടകത്തിൽ ഉയർന്നുവന്ന നന്ദിനി-അമുൽ വിവാദത്തെക്കുറിച്ചും പ്രിയങ്ക പ്രതികരിച്ചു. നന്ദിനിയെ (കർണാടക മിൽക്ക് ഫെഡറേഷൻ) കോൺഗ്രസ് സംരക്ഷിക്കുമെന്നും പുറത്തുനിന്നുള്ള ഒരു സഹകരണസംഘത്തെയും അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു

