കൊയമാന്തരം, അൽകുൽത്ത്, കലക്കസ്സമാവാത്തി; മാമുക്കോയയുടെ മാപ്പിള ഡിക്ഷണറി

ഭാഷാശെെലി കൊണ്ട് പ്രേക്ഷകരെ ആവോളം രസിപ്പിച്ച താരമാണ് മാമുക്കോയ. മലയാളത്തിൽ നിന്ന് മാഞ്ഞുപോയ കുറച്ച് മാപ്പിള മലയാള വാക്കുകളും ശെെലികളും മാതൃഭൂമിയോട് മാമുക്കോയ മുൻപ് പങ്കുവെച്ചിരുന്നു. ജീവിതത്തിന്റെ ശൈലി മാറിയപ്പോ ഈ വാക്കുകൾ ഏതോ വഴിയിലൂടെ ഇല്ലാണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്.
‘കഴിഞ്ഞ അറുപതുകൊല്ലത്തിനിടയിൽ തേഞ്ഞുമാഞ്ഞുപോയ കൊറേ വാക്ക്കള്ണ്ട്. അതില് കൂടുതലും മാപ്പിളശൈലിയില്ണ്ടായിര്ന്ന വാക്ക്കളാണ്. സംസ്‌കൃതത്തിൽനിന്നും തമിഴില്നിന്നും കൊറേ വാക്കുകള് നമ്മ്ടെ ഭാഷയിലേക്ക് എട്ത്തിട്ടപോലെ, അറബി, ഉറുദ് വാക്കുകളും മലയാളത്തിലേക്ക് കുത്തിത്തിരികിയിട്ട്ണ്ട്. ദീനും ദീനാറും മാത്രമല്ല, കൊറേ രസകരമായ വാക്ക്കളും അറബികള് കേരളത്തിന് തന്നു. എൺപതുകളില് ഗൾഫ്ബൂം എന്ന പ്രതിഭാസം വലിയ എടുപ്പുകളായി ഉയർന്ന് വര്ന്നതിന് മുൻപേതന്നെ അറബിമലയാളം വാക്കുകള് അങ്ങാടിയിൽ അലഞ്ഞുതിരിഞ്ഞ് നടക്ക്ന്ന്ണ്ട്. മാപ്പിളമാര് മാത്രമല്ല, പൊതുവായിട്ട്തന്നെ ആ ഭാഷ ഉപയോഗിച്ചിരുന്നു. അന്നും ഇന്നും മലയാള മാപ്പിളമാര് ഉപയോഗിക്ക്ന്ന രണ്ട് അറബിവാക്കുകള് ‘ഹലാൽ’, ‘ഹറാം’ എന്നിവയാണ്. ഫുഡ് കോർട്ടുകളിലൊക്കെ ‘ഹലാൽ’ സർട്ടിഫിക്കറ്റുകള് ഇപ്പോ പ്രദർശിപ്പിച്ചിരിക്ക്ന്നത് കാണാം. വിധിവിലക്കുകളിലുള്ള മാപ്പിളമാര്ടെ ഉറച്ച വിശ്വാസമാണ് ഈ വാക്കുകളെ അതേപോലെതന്നെ നിലനിർത്തുന്നത്. ജീവിതത്തിന്റെ ശൈലി മാറിയപ്പോ വാക്ക്കള് ഏതോ വഴിയിലൂടെ ഇല്ലാണ്ടായി. ഞങ്ങടെ ചെറുപ്പത്തില് ഉപയോഗിച്ചിര്ന്നതും ഇപ്പോ ഇല്ലാണ്ടായതുമായ അമ്പത് മാപ്പിള മലയാള വാക്കുകള്, ഇതില് ചെലത് ശൈലികളും പഴമൊഴികളുമാണ്, പറയാം:
ഒഴുകി വന്ന വാക്കുകൾ, ഒലിച്ചുപോയ വാക്കുകൾ
കൊയമാന്തരം: നാശകോശായി
അൽകുൽത്ത്: കൂടിക്കൊഴഞ്ഞ്
കുട്ടിച്ചോറാവുക: എല്ലാംകൂടി കലങ്ങിമറിഞ്ഞ്
കമ്പും കനയും: വകതിരിവില്ലാത്ത
ഹയാപ്പ്: ഉളുപ്പില്ലാത്ത
ചുക്കും ചുണ്ണാമ്പും: ഒന്നുമറിയാണ്ട് തട്ടിവിട്ട് വിശദീകരിക്കുന്ന അവസ്ഥ
വെവസ്തയും വെള്ളിയാഴ്ച്ചേം: ഒര് വ്യവസ്ഥയുമില്ലാതെ (ഓളവും തീരവും എന്ന സിനിമയിൽ എം.ടി. ഈ പ്രയോഗം ഉപയോഗിച്ചിട്ട്ണ്ട്).
ബീടര്: ഭാര്യ (വീടര്: വീട്ടില്ള്ള ഓറ്)
മുസീബത്ത്: കൊഴപ്പം
താക്കത്ത്: ശക്തി
മൂശാട്ട: ഒരുതരം പിടിവാശി, മർക്കട മുഷ്ടി
ബഡാബന്തർ: ഭയങ്കര സംഭവം, വല്യ തുറമുഖം
സകലഗുലാബി: സർവത്ര പ്രശ്‌നം
മുണുങ്ങുക: വിഴുങ്ങുക
രിസ്‌ക്: ഭക്ഷണം
ഒജീൻ: ഭക്ഷണം
പാത്തുക: മൂത്രമൊഴിക്കുക
തട്ടിക്കണം മൂഞ്ചിക്കണം: തട്ടിപ്പും വെട്ടിപ്പും
ഹിമാറ്: കഴുത
ഹദ്ദും കണക്കുമില്ലാതെ: ഉദാരമായി
ഇബ്ലീസിന്റെ കുതിര: ഒന്നിനേം വകവെക്കാത്ത വരവ്
അരഹാജി ദീൻ കൊല്ലും: മുറിവൈദ്യൻ ആളെ കൊല്ലും
ബർക്കത്ത് കെട്ടവൻ: തേച്ചപ്പാട് കാണിക്കാത്ത ആൾ
ലോക ഹറാമി: കുരുത്തം കെട്ടോൻ
റബ്ബിന്റെ കൃഫ: ദൈവാന്ഗ്രഹം
അർക്കീസ്: പിശുക്കൻ
ബയറൻ: ശാപ്പാട്ട് രാമൻ
ഒസ്വാസുൽ ഹന്നാസ്: സംശയം തീരാത്ത ആള്
കലക്കസ്സമാവാത്തി: കൊഴഞ്ഞ് മറിഞ്ഞ അവസ്ഥ
ഹലാക്ക്: നാശം (ഭയങ്കര നാശമായാൽ ‘ഹലാക്കിന്റെ അവിലും കഞ്ഞീം’ ആയി)
മെഹബ്ബ് പറയ്ക: പൊങ്ങച്ചം പറയ്ക
കൈ ബർക്കത്തുള്ളോൻ: ദാനം ചെയ്യ്ന്ന ആള്
വെടക്ക്: ചീത്ത
ഹംക്കുൽ ബഡ്ക്കൂസ്: ഒന്നും മനസ്സിലാവാത്ത മരമണ്ടൻ (ബഷീർക്ക ഇത് ഇടക്ക് പറയാറ്ണ്ട്)
സീനത്തും ഹയാത്തും: അഴകും ആയുസ്സും
അജലത്ത്: അത്യാഗ്രഹം
ബെയ്പ്പ്: ഭക്ഷണം കഴിക്ക്ക
ഒതയാർക്കം: അച്ചടക്കം
സക്രാത്തിന്റെ ഹാല്: അന്ത്യശ്വാസം വലിക്ക്ക
ദാം ദൂമടിക്കുക: ധൂർത്തടിക്കുക
മുസീബത്തിന്റെ നായ മൂത്താപ്പാനേം കടിച്ച്: വല്യ എടങ്ങേറ് പിടിച്ച അവസ്ഥ
പടച്ചോന്റെ കുദ്റത്ത്: ദൈവാധീനം കൊണ്ട് മാത്രം
ബെയ്ച്ചോനറിയില്ല പൈച്ചോന്റെ പൈപ്പ്: എല്ലാം തികഞ്ഞവന് ഒന്നുമില്ലാത്തോന്റെ സങ്കടങ്ങള് അറിയില്ല.
ശുജായ്: അഴകിയ പുതിയാപ്പിള
കൽബിൽ കൊള്ളിക്ക്ക: ഹൃദയത്തില് കൊള്ള്ന്ന വിധം
മരഹംക്ക്: എത്ര പറഞ്ഞാലും കാര്യം മനസ്സിലാവാത്ത ആള്
കണ്ണകന്നാൽ കൽബകന്ന്: ആളെ മറക്ക്ന്ന അവസ്ഥ
ജബലോൻ: ശക്തിയ്ള്ള ആള്
സുക്കൂത്ത് പാടിക്കുക: അടിയറവ് പറയിക്കുക
ഹംക്ക് വാക്ക് ചെവിക്ക് പുറത്ത്: എട്ക്കാൻ പറ്റാത്ത അഭിപ്രായം
ഭാഷയ്ടെ പേരില് പണ്ട് മാപ്പിളമാർ ഒരുപാട് പരിഹസിക്കപ്പെട്ടിട്ട്ണ്ട്. എന്നാൽ അത് ഉള്ളിൽ തട്ടുന്ന ഒരു പരിഹാസമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ‘ഹംക്ക് വാക്ക്, ചെവിക്ക് പുറത്ത്’ എന്ന് കണ്ട് പഴയ മാപ്പിളമാര് അത് തള്ളിക്കളയ്കയാണ്ണ്ടായത്. മാപ്പിള ശൈലികള് ചില സന്ദർഭങ്ങളില് ശരിക്കും ഫിറ്റാണ്. മറ്റൊര് വാക്ക്കൊണ്ട് ആ ഉദ്ദേശിക്ക്ന്ന കാര്യം അത്ര സമർഥമായി പ്രകാശിപ്പിക്കാൻ കഴിയില്ല. പുതിയ തലമുറയിൽ പെട്ടവര് ഏതാണ്ട് ഒരേ ഭാഷയാണ് ഉപയോഗിക്ക്ന്നത്. ഫെയ്സ് ബുക്കിലൊക്കെയ്ള്ള എഴുത്ത് വലിയ സാഹിത്യ ഭാഷയിലാണ് ഇപ്പോ വര്ന്നത്. പഴയകാലത്ത് നിന്ന് ചില കുത്തിത്തിരികലുകള് അതിലും നടക്ക്ന്ന്ണ്ട്. ഇടക്കാലത്ത് അങ്ങാടിയിലെ മുട്ടായിക്കടകളിൽനിന്ന് എടുത്തുപോയ സംഗതിയാണ് ‘നാരങ്ങമുട്ടായി’. സോഷ്യൽ മീഡിയകളില് ആളുകൾ പഴയ നൊസ്റ്റാൾജിയകള് (പഴേ കാലത്തെ കുറിച്ച്ള്ള നൊസ്സ് പറച്ചിലാണ് ‘നൊസ്റ്റാൾജിയ) പറഞ്ഞ കൂട്ടത്തില് നാരങ്ങമുട്ടായി തിന്ന ഓർമകള് കണ്ടമാനം വരാൻ തൊടങ്ങി. ‘നാരങ്ങ മുട്ടായി’ വീണ്ടും അങ്ങാടിയില് വന്നു. മുട്ടായികളില് ഇപ്പോ ഏറ്റവും ചെലവ്ള്ളത് നാരങ്ങമുട്ടായിക്കാണ്. ഇത് തന്നെയാണ് ഭാഷയ്ടെ കാര്യവും, ചെലപ്പോള്, മറ്റൊര് വഴിയിലൂടെ അത് തിരിച്ച് വന്നേക്കാം.
ഭാഷ പോയപ്പോ, നമ്ക്ക് തിരിച്ച് കിട്ടിയത്, കൊറേ രോഗങ്ങളാണ്. അങ്ങാടിപോലെയാണ് ഇപ്പളത്തെ ആശുപത്രികളിലെ തെരക്ക്. രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് വായില് കൊള്ളാത്ത കുറേ പുതിയ വാക്ക്കള് വന്നു. എങ്ങനെയെങ്കിലും തട്ടി കയ്ച്ചലാക്കി എത്രയും വേഗം വീട്ടിലെത്തണേ…എന്ന ‘നിയ്യത്തോട്’ കൂടിയാണ് ആള്കള് ആശുപത്രീല് പോക്ന്നത്. ഡോക്ടർ രോഗിയ്ടെ മുഖം തന്നെ ശരിക്ക് കാണ്ന്നില്ല. അത്ര തെരക്കാണ്. അങ്ങാടിയിലെ പഴയ ഭാഷപോലെ ആശുപത്രികൾ കേന്ദ്രീകരിച്ച് മാത്രം പുതിയൊര് ഭാഷ രൂപപ്പെടുന്ന്ണ്ട്. അപ്പോ അറുപത് കൊല്ലത്തിന്റെ ഈ അറ്റത്തെത്ത്മ്പോള് അങ്ങാടിയിലും നെറച്ചും ആള്കളാണ്, ആശുപത്രിയിലും നെറച്ചും ആളുകളാണ്, ബിവറേജിലും ആളുകളാണ്. രോഗത്തിനും ഉന്മാദത്തിനും ഇടയിലൂടെയ്ള്ള ഒര് ഓട്ടപ്പാച്ചിലിലാണ് നമ്മള് മലയാളികള്.’, മാമുക്കോയ പറഞ്ഞു.

