സംസ്ഥാനത്ത് ഫിറ്റ്നസില്ലാതെ 3000 സ്കൂള്‍, കോളേജ് ബസുകള്‍: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍

തൃക്കാക്കര: സംസ്ഥാനത്ത് 3000 സ്കൂള്‍ -കോളേജ് ബസുകളില്‍ ഫിറ്റ്നസില്ലെന്ന് ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു.കാക്കനാട് ഇൻഫോപാര്‍ക്ക് റോഡില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ക്ഷമത പരിശോധന വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഇതുവരെ 17000 സ്കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയായി. ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ശരിയാക്കാൻ 31 വരെ സമയമുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ഓട്ടോറിക്ഷ അടക്കമുള്ള ചെറു വാഹനങ്ങളില്‍ സ്കൂളുകളിലേക്ക് എത്തിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലൈസൻസ് പ്രിന്റ് ചെയ്യുന്ന കേന്ദ്രത്തിലും സന്ദര്‍ശനം നടത്തി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും . 27ന് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസ് ഓഡിറ്റോറിയത്തില്‍ സ്കൂള്‍ ബസ് ജീവനക്കാര്‍ക്കുള്ള ബോധവത്കരണ ക്ലാസുകളും മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യ വാഹൻ ആപ്പ് പരിശീലനവും നടത്തും. ബസുകളില്‍ സുരക്ഷാ സ്റ്റിക്കറുകള്‍ പതിക്കും.

