പുഴയരികിൽ നിർത്തിയ കാർ ഒഴുക്കിൽപ്പെട്ടു; യുവതിയെ രക്ഷിച്ചത് സാഹസികമായി– വിഡിയോ

ചണ്ഡിഗഡ് : ഹരിയാനയിൽ പുഴയ്ക്കു സമീപം നിർത്തിയിട്ട കാർ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. കാറിനകത്തുണ്ടായിരുന്ന സ്ത്രീയെ അതിസാഹസികമായാണു രക്ഷപ്പെടുത്തിയത്. അമ്മയുമൊത്ത് കാറിൽ ഖടക് മൻഗോളിൽ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിർത്തിയിട്ടത്.
പുഴയിൽ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയർന്നതോടെ വാഹനം ഒഴുകിപ്പോയി. അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിനുപയോഗിച്ച് വാഹനം ഉയർത്താനുള്ള ശ്രമത്തിലാണ്.
അതേസമയം, പഞ്ച്കുള സെക്ടർ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാൻ ശ്രമിച്ച ഏഴുപേർ കുടുങ്ങി. പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ രാത്രി മുതൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
English Summary: Woman was rescued from a submerged car in Haryana

