KSDLIVENEWS

Real news for everyone

റാന്നി മലർവാടിയിലെ രജിതയുടെ കൊലപാതകം; ഒപ്പംപോകാത്തത് പ്രകോപനം: ചിരവകൊണ്ട് തുരുതുരാ അടിച്ചു, വെട്ടിക്കൊന്നു; രക്തക്കറ പിന്തുടർന്ന് പിടികൂടി

SHARE THIS ON

റാന്നി : ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ ഭീഷണിയുടെ ഭീതിയിലായിരുന്നു കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി മലർവാടി ഇരട്ടപ്പനയ്ക്കൽ വീട്. മരിച്ച രജിതയും കുടുംബവും രണ്ട് ദിവസമായി ഭയന്നതാണ് സംഭവിച്ചത്. ഒപ്പം താമസിക്കാൻ ചെന്നില്ലെങ്കിൽ രജിതയെ വധിക്കുമെന്ന് പ്രതി അതുൽ ഭീഷണിപ്പെടുത്തിയിരുന്നതായി രജിതയുടെ അമ്മ ഗീത രാജു പറയുന്നു. വെള്ളിയാഴ്ച മുതൽ ഇവർ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. മൂന്നുമാസം ഷാർജയിലായിരുന്ന രജിത മേയ് 20-നാണ് മടങ്ങിയെത്തിയത്. ഏതാനും ദിവസം ബ്ലോക്കുപടിയിലെ അതുലിന്റെ വീട്ടിലായിരുന്ന ഇവർ പിണങ്ങി മലർവാടിയിലെ സ്വന്തം വീട്ടിലെത്തിയതായി ഗീത പറഞ്ഞു. മദ്യത്തിനും കഞ്ചാവിനും അടിമയായ ആൾക്കൊപ്പം കഴിയാനാവില്ലെന്നായിരുന്നു മോളുടെ ഉറച്ച തീരുമാനമെന്നും ഇവർ പറഞ്ഞു. പിന്നീട് പല തവണ മലർവാടിയിലെ വീട്ടിലെത്തിയിട്ടും അകത്തുകടക്കാൻ അനുവദിച്ചില്ല. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് പടിക്കലെത്തിയപ്പോൾ മക്കളെ കാണിച്ചതായും ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീണ് പരിക്കേറ്റ് കോഴഞ്ചേരി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആളെ കാണാനെത്തിയ രജിത, അതുലിന്റെ ബൈക്കിലാണ് മടങ്ങിയത്. തനിക്കൊപ്പം വരണമെന്ന് ബൈക്കിലെ യാത്രയ്ക്കിടെ അതുൽ നിർബന്ധിച്ചിരുന്നു. വരില്ലെന്ന് അറിയിച്ചപ്പോൾ വാഴക്കുന്നം കനാലിന് സമീപത്തു ബൈക്ക് നിർത്തി കൈവശമുണ്ടായിരുന്ന ബ്ലേഡ് രജിതയുടെ കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തി. നാട്ടുകാർ എത്തിയതിനാൽ അയാൾ സ്ഥലംവിട്ടു. വീട്ടിലെത്തിയ ഉടൻ റാന്നി സ്റ്റേഷനിൽ വിളിച്ച് കാര്യം അറിയിച്ചതായി ഗീത പറഞ്ഞു. ശനിയാഴ്ച രാവിലെ പരാതിയും നൽകി. ശനിയാഴ്ച അതുൽ പോലീസിനെകണ്ട് ഓടിയതിനു ശേഷവും ഭയത്തോടെയാണ് കഴിഞ്ഞതെന്നും ഗീത പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയില്‍നിന്ന് അതുല്‍ സത്യനെ കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സില്‍ കയറ്റുന്നു രാത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് ഗീത പറയുന്നതിങ്ങനെ- “രാത്രി എട്ടുമണിയോടെ ചാരിക്കിടന്ന വാതിൽ അടച്ച് കുറ്റിയിടാൻ കൊച്ചുമകനോട് നിർദേശിച്ചു. ഈ സമയം അവൻ ഭയന്ന് പിന്നോട്ടുമാറിയപ്പോൾ ഇളയമകൾ അപ്പു വാതിലടയ്ക്കാനെത്തി. പുറത്ത് അതുലിനെ കണ്ട അപ്പു വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും അതുൽ അകത്തുകടന്നു. ആദ്യം അപ്പുവിനെ വെട്ടി. തടയാൻ ശ്രമിച്ച തന്റെ വിരലുകൾ വെട്ടുകൊണ്ട് മുറിഞ്ഞുതൂങ്ങി. ഓടിയെത്തിയ രാജുവിനും കൈയ്ക്കും മറ്റും വെട്ടേറ്റു. പിന്നീട് രജിതയെ പിടിച്ചുവലിച്ച് നിലത്തിട്ടശേഷം ചിരവകൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. അടുത്ത് താമസക്കാരില്ലാത്തതിനാൽ ഫോണിൽ ആളെ വിളിച്ചുവരുത്തുകയായിരുന്നു. ആംബുലൻസെത്തിച്ചാണ് താലൂക്ക് ആശുപത്രിയിലാക്കിയത്. അതുവരെ രജിതയ്ക്ക് ജീവനുണ്ടായിരുന്നു. പോലീസിനെക്കണ്ട് കടന്ന അതുൽ പിന്നീടുവന്ന് ജീവനെടുത്തു രജിത കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മലർവാടിയിലെത്തിയ അതുലിനെ തേടി പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസ് ജീപ്പ് കണ്ടയുടനെ അതുൽ അതിവേഗത്തിൽ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു. ഒപ്പം ചെന്നില്ലെങ്കിൽ വധിക്കുമെന്ന് അതുൽ ഭീഷണിപ്പെടുത്തിയതായി കാണിച്ച് രജിത ശനിയാഴ്ച രാവിലെ റാന്നി പോലീസിൽ പരാതിനൽകിയിരുന്നു. അതുൽ ആ ഭാഗത്തെവിടെയെങ്കിലും വന്നാലുടൻ അറിയിക്കാൻ പറഞ്ഞാണ് പോലീസ് രജിതയെ മടക്കിയത്. രണ്ടരയോടെ അതുൽ വീട്ടുപടിക്കലെത്തി ഒപ്പം വരണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. രജിത ഉടൻ റാന്നി പോലീസിൽ വിവരമറിയിച്ചു. പോലീസ് തൊട്ടടുത്തെത്തിയപ്പോഴാണ് അതുൽ അറിയുന്നത്. അപ്പോൾതന്നെ അവിടുന്ന് രക്ഷപ്പെട്ടു. പിന്നീടാണ് കൊലപാതകം നടത്താനായി എത്തിയത് ചോരവീണ പാടുകൾ നോക്കി പിന്തുടർന്നു; പുലരുംമുമ്പ് ഒളിത്താവളം കണ്ടെത്തി രജിതയുടെ വീട്ടുകാരെ ആക്രമിച്ചശേഷം രക്ഷപ്പെട്ട അതുലിനെ പിടികൂടാൻ പോലീസിന് വഴികാട്ടിയായത് നിലത്തുണ്ടായിരുന്ന രക്തക്കറകൾ. ഇയാളുടെ ഇടതുകൈയ്യിൽ വെട്ടേറ്റപോലെ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതിൽനിന്ന് വീണ രക്തം വഴിയിലുണ്ടായിരുന്നു. ഇതുകണ്ട ഭാഗങ്ങളിലൂടെ നടന്നുനീങ്ങിയ പോലീസെത്തിയത് ഉതിമൂട് കനാൽ പരിസരത്ത്. ഏതാണ്ട് മൂന്നു കിലോമീറ്ററോളം ദൂരം. പിന്നീടൊരിടത്തും രക്തം വീണ പാടുകൾ കണ്ടെത്താനായില്ല. ഇവിടെനിന്ന് ബൈക്കിൽ ഇയാൾ രക്ഷപ്പെട്ടതാവാമെന്ന നിലയിൽ പോലീസ് അന്വേഷണം തുടങ്ങി. തട്ടയ്ക്കാട് ഭാഗത്തേക്ക് നീങ്ങിയെന്ന സൂചന പോലീസിന് ലഭിച്ചു. ഈ പ്രദേശത്തുള്ള വീടുകളൊക്കെ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ പോലീസ് നിരീക്ഷിച്ചു. ഇതിനിടയിൽ അതുൽ ഒളിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച് പോലീസിന് രഹസ്യസന്ദേശം ലഭിച്ചു. ഒളിച്ചിരുന്ന താവളം വളഞ്ഞ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ദുരന്തമൊഴിയാതെ മലർവാടി ഗ്രാമം: അന്ന് രണ്ട് പിഞ്ചുകുട്ടികൾ, ഇന്ന് ഒരമ്മ പത്ത് വർഷം മുൻപ്‌ രണ്ട് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന കീക്കൊഴൂർ മലർവാടി ഗ്രാമം ഇപ്പോൾ മറ്റൊരു കൊലപാതകത്തിന്റെ നടുക്കത്തിലാണ്. രണ്ടും വീടുകളിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ വീടുകൾ തമ്മിൽ 200 മീറ്ററോളം ദൂരം മാത്രം. അന്ന് അച്ഛന്റെ സഹോദരൻ ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ വീട്ടിലെത്തി യുവതിയെ കൊലപ്പെടുത്തുകയും മാതാപിതാക്കളെയും അനുജത്തിയെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിനാണ് നാട് സാക്ഷ്യംവഹിക്കേണ്ടി വന്നത്. 2013 ഒക്ടോബർ 27-നാണ് കീക്കൊഴൂർ മലർവാടി മാടത്തേത്ത് മാത്യു ചാക്കോയുടെയും ബിന്ദുവിന്റെയും മക്കളായ മെബിൻ (ഏഴ്), മെൽബിൻ(മൂന്ന്) എന്നിവരെ വെട്ടിക്കൊന്നത്. മാത്യു ചാക്കോയുടെ സഹോദരൻ തോമസ് ചാക്കോ ആണ് കൊലപാതകക്കേസിൽ അറസ്റ്റിലായത്. പുലർച്ചെ വീട്ടിലെത്തി മുറ്റത്തുനിന്നിരുന്ന മെബിനെ ആദ്യം കൊലപ്പെടുത്തി. തുടർന്ന് ചാരുകസേരയിലിരുന്ന മെൽബിനെയും. അമ്മയുടെ മുൻപിൽവെച്ചായിരുന്നു മക്കളെ കൊലപ്പെടുത്തിയത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തിന് കാരണമായത്. ശാന്തമായ ഗ്രാമത്തിൽ നാടിനെ നടുക്കിയ ആദ്യ ദുരന്തമായിരുന്നു ഇത്. ശനിയാഴ്ച രാത്രിയിൽ മലർവാടി പുള്ളിക്കാട്ടിൽപടിയിൽ ഇരട്ടപ്പനയ്ക്കൽ വീട്ടിലാണ് രണ്ടാമത്തെ ദുരന്തം നടന്നത്. വി.എ.രാജുവിന്റെ മകൾ രജിതയെ (27) ആണ് വർഷങ്ങളായി ഇവർക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത്് അതുൽ സത്യൻ കൊലപ്പെടുത്തിയത്. രാജു, രജിതയുടെ അമ്മ ഗീത, സഹോദരി അമൃത എന്നിവർക്കും വെട്ടേറ്റു. മലർവാടി ഓർത്തഡോക്സ് പള്ളിക്ക് എതിർവശത്ത് തോടിന്റെ മറുകരയിൽ പാടത്തോട് ചേർന്ന സ്ഥലത്താണിവരുടെ വീട്. തൊട്ടടുത്ത് താമസക്കാരില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!