KSDLIVENEWS

Real news for everyone

കടുത്ത ചുമ, ശ്വാസതടസം: നീലേശ്വരം ബങ്കളത്ത് സ്കൂൾ കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിൽ

SHARE THIS ON

നീലേശ്വരം∙ കടുത്തചുമയും ശ്വാസതടസവും ഉണ്ടായതിനെത്തുടർന്ന് ബങ്കളത്ത് പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 19 കുട്ടികളെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈകി 11 കുട്ടികളെ നീലേശ്വരം താലൂക്കാശുപത്രിയിലും 8 പേരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ശാരീരികാസ്വാസ്ഥതയുണ്ടാകാനുള്ള കാരണം തേടി ട്രൈബൽ വിഭാഗം സ്പെഷ്യൽ മെഡിക്കൽ ടീം ബക്കളത്തെ സ്കൂളിലെത്തി സ്കൂൾ അധികൃതരുമായി സംസാരിച്ചുവരികയാണ്. ഇവർ കുട്ടികളെ പരിശോധിക്കുകയും ചെയ്യും. സ്കൂൾ പ്രവർത്തിക്കുന്ന പ്രദേശത്ത് കടുത്ത തണുപ്പ് ഉണ്ടെന്നും കഴിഞ്ഞ 2 ദിവസമായി സന്ധ്യ മയങ്ങിയ ശേഷം ഏതാനും കുട്ടികൾക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നുവെന്നും പ്രിൻസിപ്പൽ പി.രവിചന്ദ്രൻ പറഞ്ഞു. തിങ്കളാഴ്ച രാത്രിയും 7 കുട്ടികളെ നീലേശ്വരം താലൂക്കാശുപത്രിയിൽ കൊണ്ടുപോയിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയതോടെ ഇവർ ആരോഗ്യം വീണ്ടെടുത്തു. കനത്ത മഴയെയും തണുപ്പിനെയും തുടർന്നുള്ള ശാരീരിക പ്രശ്നങ്ങളാണെന്നു കരുതി ഇവർ രാത്രി തന്നെ സ്കൂളിലേക്ക് മടങ്ങി. എന്നാൽ ഇന്നലെ രാത്രിയും ഇതേ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും ഇതേ അസ്വസ്ഥതകൾ ഉണ്ടായതോടെ ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണം നടത്താൻ അതത് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയുമായിരുന്നു തുടർന്ന് ട്രൈബൽ മെഡിക്കൽ ടീമിനെയും വിവരമറിയിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!