ഗാസയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം, എക്കാലത്തും ഇന്ത്യ നിലകൊണ്ടത് പലസ്തീനൊപ്പം- മുസ്ലിം ലീഗ് ഐക്യദാര്‍ഢ്യ റാലിയിൽ ശശി തരൂര്‍

കോഴിക്കോട്: പശ്ചിമേഷ്യയില്‍ നടക്കുന്നത് സഹോദരീ സഹോദരന്മാര് തമ്മിലുള്ള പോരാട്ടമാണെന്ന് ശശി തരൂർ. ഇസ്രയേലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവിടെനിന്നുവരുന്ന മരണക്കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് നടത്തിയ പലസ്തീന് ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1,400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രയേല്‍ ഗാസയില്‍ ബോംബിങ് നടത്തി 6000 പേരെ കൊന്നുകഴിഞ്ഞു’, ശശി തരൂർ പറഞ്ഞു. പലസ്തീനില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു. യുദ്ധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഗാസയില്‍ കാണുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എല്ലാം ഇസ്രയേല്‍ നിര്‍ത്തി. എന്നിട്ട് ഗാസയില്‍ ആക്രമണം നടത്തുമെന്നും ഉടന്‍ അവിടം വിട്ടുപോകാനും ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ വ്യക്തികള്‍ എങ്ങനെയാണ് ഗാസയില്‍നിന്ന് പുറപ്പെടുക? 19 ദിവസത്തെ യുദ്ധത്തില്‍ ഏതാണ്ട് 70 ലോറികള്‍ മാത്രമേ റഫ അതിര്‍ത്തിവഴി സഹായങ്ങളെത്തിച്ചുള്ളൂ. അതിന്റെ 20 ഇരട്ടിയിലേറെ ഓരോ ദിവസവും അവിടെ ആവശ്യമുണ്ട്. ആശുപത്രികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു. ഗാസയിലും ലബനനിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഇസ്രയേല്‍ നിരവധി പേരെ കൊന്നൊടുക്കി. ‘ഇരുമ്പിന്റെ വാള്’ എന്നാണ് ഇസ്രയേല്‍ ഈ ഓപ്പറേഷനു നല്‍കിയിരിക്കുന്ന പേര്. എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ മുക്കിയ വാളാണിതെന്ന് തരൂര്‍ ചോദിച്ചു. ഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യ പലസ്തീനൊപ്പമാണ്. പലസ്തീന് അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേല്‍ നടപടി തെറ്റാണ്. നെഹ്റുവും ഇന്ധിരാഗാന്ധിയും എല്ലാം ആ നിലപാട് സ്വീകരിച്ചവരാണ്. യു.എന്നില്‍ ജോലിചെയ്തിരുന്ന സമയത്ത് യാസര്‍ അറഫാത്തിനെ പലതവണ കാണാന്‍ അവസരമുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം ഇന്ധിരാഗാന്ധിയെ നന്ദിയോടെ സ്മരിച്ചുവെന്നും ശശി തരൂര്‍ വ്യക്തമാക്കി. എല്ലാവരെയും സ്വീകരിക്കുന്ന, എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജൂതരെ സ്നേഹത്തോടെയാണ് നാം സ്വീകരിച്ചത്. ലോകത്ത് അഭയാര്‍ഥികളായെത്തിയ ജൂതര്‍ക്കെതിരേ ഒരു തരത്തിലുള്ള വിവേചനവും കാണിക്കാത്ത ഒരേയൊരു നാട് കേരളം മാത്രമേയുള്ളൂവെന്നും തരൂര്‍ പറഞ്ഞു

