സ്വത്ത് തർക്കം: അർധരാത്രി വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടു; വീട്ടുടമയുടെ സഹോദരൻ പിടിയിൽ

കുണ്ടാർ ∙ അർധരാത്രി വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടു, ശബ്ദം കേട്ട് വീട്ടുകാർ ഉടൻ ഉണർന്നതിനാൽ വൻദുരന്തം ഒഴിവായി. സംഭവത്തിൽ വീട്ടുടമയുടെ സഹോദരനെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ സിഎ നഗറിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സി.എച്ച്.മുഹമ്മദി (ബണ്ട് മുഹമ്മദ്-42)നെയാണ് അറസ്റ്റ് ചെയ്തത്.
കുണ്ടാർ പോക്കറടുക്കത്തെ സി.എച്ച്.ബഷീറിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഫർണിച്ചറുകളും വയറിങ്ങും കത്തിനശിച്ചു. ആദൂർ എസ്ഐ ഇ.രത്നാകരനും സംഘവുമാണ് മുഹമ്മദിനെ പിടികൂടിയത്. ബഷീറിന്റെ മൂത്ത സഹോദരനാണ് മുഹമ്മദ്. സ്വത്ത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

