പെരിയ ഇരട്ടക്കൊലക്കേസ് ; 11 പ്രതികളെ സിബിഐ കണ്ണൂർ ജയിലിൽ ചോദ്യം ചെയ്യും

പെരിയ (കാസർകോട്) ∙ ഇരട്ടക്കൊലപാതക കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച് സിബിഐ സമർപ്പിച്ച ഹർജിയിൽ എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകി ഉത്തരവിട്ടത്.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടു വരെ ജയിലിൽ വച്ചു ചോദ്യം ചെയ്യാനാണ് അനുമതി. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻ പ്രതികളെ ജയിലിൽ എത്തി ചോദ്യം ചെയ്യുമെന്ന് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ പറഞ്ഞു.
ഇരട്ടക്കൊലപാതക കേസിൽ ജാമ്യത്തിലുള്ള സിപിഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, പെരിയ ആലക്കോട് സ്വദേശി മണി എന്നിവരെ ചോദ്യം ചെയ്തതായി ഡിവൈഎസ്പി പറഞ്ഞു.
തെളിവു നശിപ്പിച്ചതിനാണ് ക്രൈംബ്രാഞ്ച് ഇവരെ പ്രതി ചേർത്തത്. പ്രതികളായ കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരൻ (54), സി.ജെ.സജി (51), കെ.എം.സുരേഷ് (27), കെ.അനിൽകുമാർ (33), കുണ്ടംകുഴി മലാംകടവിലെ എ.അശ്വിൻ (18), ആർ.ശ്രീരാഗ് (22), ജി.ഗിജിൻ (26), തന്നിത്തോട്ടെ എ.മുരളി (36), കണ്ണോത്തെ ടി.രഞ്ജിത് (24), പ്രദീപൻ (38), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29) എന്നിവരാണു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
English Summary: Periya twin murder case

