KSDLIVENEWS

Real news for everyone

കേരളം ഇന്ധന നികുതി കൂട്ടിയിട്ട് 6 വര്‍ഷം; കേന്ദ്രം സെസും സര്‍ചാര്‍ജും കുറയ്ക്കണം: പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും തെറ്റിദ്ധരണയുണ്ടാക്കുന്ന പ്രസ്താവനയാണ്. കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജും സെസും നിര്‍ത്തലാക്കണം. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച്‌ കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകര്‍ക്കുന്ന നിലപാടാണെന്നും കെഎന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചു.

കേന്ദ്രത്തിന് പിരിക്കാന്‍ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരില്‍ വിമര്‍ശിച്ചതെന്നും കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. പെട്രോളിയം ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന അവകാശങ്ങളും കേന്ദ്രത്തിന് വിട്ടുനല്‍കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

‘ഇന്ധനവില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതം’

കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച്‌ പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!