പിണറായിക്ക് തൃക്കാക്കരയില്‍ മറുപടി; ജയില്‍മോചിതനായ പി.സി. ജോര്‍ജിന് സ്വീകരണമൊരുക്കി ബി.ജെ.പി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി. ജോര്‍ജ് ജയില്‍മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പൂജപ്പുര ജയിലില്‍നിന്ന് പി.സി ജോര്‍ജിനെ മോചിപ്പിച്ചത്. ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് സ്ഥലത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
കോടതിയോട് നന്ദിയുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് താന്‍ ജയിലില്‍ പോയതെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തൃക്കാക്കരയില്‍ വെച്ചാണ് പിണറായി തന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിന് തൃക്കാക്കരയില്‍ വെച്ച് താന്‍ മറ്റന്നാള്‍ മറുപടി പറയുമെന്നും ജോര്‍ജ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതിയുടെ വിധി മാനിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

