നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; തൃശ്ശൂരില്‍ 61-കാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂര്‍ വരവൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 61-കാരന് ദാരുണാന്ത്യം. തളിവിരുട്ടാണം സ്വദേശി രാജീവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടുപറമ്പില്‍ നാളികേരം പെറുക്കുന്നതിടെയാണ് രാജീവിന് നേരേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പാഞ്ഞുവന്ന കാട്ടുപന്നി രാജീവിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. നിലത്തുവീണ രാജീവിനെ കാട്ടുപന്നി വീണ്ടും രണ്ടുതവണ കുത്തി. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പന്നി ഓടിമറയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ രാജീവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

