വെനസ്വേല ഭൂകമ്പം: മരണം 589 ആയി; കണ്ടെത്താനുള്ളത് അമ്പതിനായിരത്തിലേറെ പേരെ; സഹായമെത്തിച്ച് ഇന്ത്യ

കരാക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ വർധിക്കുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. 50,000-ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അതേസമയം, 4300-ഓളം പേർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇരട്ട ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. 7.2, 7.5 തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങളാണ് ബുധനാഴ്ച വെനസ്വേലയിൽ ഉണ്ടായത്.
തുടർച്ചയായ രണ്ട് ഭൂചലനങ്ങളാൽ തകർന്ന വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഫീൽഡ് ഹോസ്പിറ്റലുകളും മരുന്നുകളുമായി വിമാനങ്ങൾ കാരിക്കാസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്പാനിഷിൽ ‘സൗഹൃദം’ എന്ന് അർത്ഥം വരുന്ന ‘അമിസ്റ്റഡ്’ എന്ന പേരിലാണ് ദൗത്യം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 60 ഫീൽഡ് ഹോസ്പിറ്റലുകളാണ് കരാക്കാസിലേക്ക് അയച്ചത്. ആറ് ടൺ മരുന്നുകളും ഭക്ഷണപദാർത്ഥങ്ങളും ഇതിലുൾപ്പെടുന്നു. 41 അംഗ മെഡിക്കൽ സംഘവും രണ്ട് വിമാനങ്ങിളിലായുണ്ട്.
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1900-ലുണ്ടായ 7.7 തീവ്രതയിലുള്ള ഭൂകമ്പമാണ് ഇതിന് മുമ്പുണ്ടായതിൽ ഏറ്റവും ശക്തിയേറിയത്. 1997-ലുണ്ടായ ഭൂകമ്പത്തിൽ 73 പേരും 1967-ലുണ്ടായ ഭൂകമ്പത്തിൽ 236 പേരും മരിച്ചിരുന്നു.

