സ്വര്‍ണക്കടത്ത് കേസ്; മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എൻ.ഐ.എ ചോദ്യം ചെയ്യും.
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശിവശങ്കര്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ശിവശങ്കര്‍ പുലര്‍ച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ പത്തരയോടെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
എന്‍.ഐ.എയുടെ ദക്ഷിണേന്ത്യന്‍ കേന്ദ്രമായ ഹൈദരാബാദ് യൂണിറ്റില്‍ നിന്നുള്ള ഐ.ജി രവിശങ്കറിന്റെയും മറ്റൊരു ഐ.ജിയുടെയും നേതൃത്വത്തില്‍ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുല്‍ ആയിരിക്കും പ്രത്യേക മുറിയില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന. ചോദ്യംചെയ്യല്‍ ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിരീക്ഷിക്കും.
ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂര്‍ണമായി ചിത്രീകരിക്കും. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇവയുള്‍പ്പെടെ ചോദ്യംചെയ്യലിന് കടവന്ത്രയിലെ എന്‍.ഐ.ഐ ഓഫീസില്‍ വിപുലമായ ഒരുക്കം പൂര്‍ത്തിയായി. സ്വര്‍ണക്കടത്തില്‍ പങ്കാളിത്തം തെളിയിക്കപ്പെടുകയോ,? കുറ്റസമ്മതം നടത്തുകയോ ചെയ്താല്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് എന്‍.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.
പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കര്‍ ഇവര്‍ നടത്തുന്ന സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നോ,? നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക. പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സൈബര്‍ വിവരങ്ങളും ഉന്നയിച്ചാകും ചോദ്യംചെയ്യല്‍. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും ഉപയോഗിക്കും. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച് അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.