KSDLIVENEWS

Real news for everyone

കെ റെയിലിനെ രാഷ്ട്രീയമായി എതിർത്താൽ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

SHARE THIS ON

കാസർകോട് ∙ ‌കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന മുഷ്കോടു കൂടി ആരെങ്കിലും വന്നാൽ അത് അംഗീകരിച്ചു കൊടുക്കുന്ന സർക്കാരല്ല എൽഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ എകെജി ഭവനു വേണ്ടി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യക്തതക്കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ തയാറാണ്. ജനങ്ങളുടെ എതിർപ്പുകൾ ന്യായമാണെങ്കിൽ അംഗീകരിക്കും.

എന്നാൽ ‘നിങ്ങളുടെ കാലത്ത് വേണ്ട’ എന്ന കേവല രാഷ്ട്രീയ നിലപാടുമായി ആരെങ്കിലും മുന്നോട്ട് വന്നാൽ അംഗീകരിക്കില്ലെന്നും ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ കഴിഞ്ഞ 5 വർഷം സംസ്ഥാനത്ത് ഏതെങ്കിലും പദ്ധതി നടപ്പിലാക്കാൻ പറ്റുമായിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ദേശീയപാത 45 മീറ്ററാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് തീരുമാനിച്ചതാണ്. എന്നാൽ ഇതുമായി ഒരിഞ്ചു മുന്നോട്ട് പോയില്ല. എതിർപ്പായിരുന്നു കാരണം. ഇതു നടപ്പിലാക്കാൻ എൽഡിഎഫ് വേണ്ടി വന്നു.ദേശീയതലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്നും ബിജെപിയെ തോൽപിക്കാൻ ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ഉയർന്നു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് ബദലാകണമെങ്കിൽ കോൺഗ്രസിനു ബദൽ നയം വേണം. എന്നാൽ ബിജെപിയുടെ സാമ്പത്തിക നയങ്ങളെയോ വർഗീയതയെയോ എതിർക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ വിവിധ പ്രാദേശിക കക്ഷികൾ കരുത്തുള്ളവയാണ്. അതതു സംസ്ഥാനങ്ങളിൽ തന്നെ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കണം.‌ ഇതിനു കൃത്യമായ നിലപാടോടെ ഇടതുപക്ഷം പിന്തുണ നൽകും. വർഗീയതയെ മതനിരപേക്ഷത കൊണ്ട് മാത്രമേ നേരിടാനാവൂ എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചരിത്ര ശിൽപം എൽഡിഎഫ് കൺവീനർ എ.വിജയരാഘവനും സാമൂഹിക ചരിത്ര ശിൽപം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും അനാഛാദനം ചെയ്തു.

മീഡിയ റൂം മന്ത്രി എം.വി.ഗോവിന്ദനും സി.കൃഷ്ണൻ നായർ സ്മാരക ഹാൾ കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരനും ഗ്രന്ഥാലയം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയും ഉദ്ഘാടനം ചെയ്തു. ഫോട്ടോ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ എം.വി.ജയരാജൻ, പി.ജയരാജൻ, ടി.വി.രാജേഷ്, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ജി.രതികുമാർ, എകെജിയുടെ മകൾ ലൈല എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!