KSDLIVENEWS

Real news for everyone

വൈദ്യുതി കണക്ഷന്‍ ലഭിക്കാനും ആധാര്‍; കെഎസ്‌ഇബിയുടെ പരി​ഗണനയില്‍

SHARE THIS ON

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്ബര്‍ കൂടി പരിഗണിക്കാന്‍ കെഎസ്‌ഇബി ആലോചിക്കുന്നു. നിലവില്‍ കണക്‌ഷന്‍ എടുത്തിട്ടുള്ളവരുടെയും ആധാര്‍ ബന്ധിപ്പിക്കല്‍ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെഎസ്‌ഇബി കത്തെഴുതി.

നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയല്‍ രേഖകള്‍ മാത്രം നല്‍കിയാല്‍ ഇപ്പോള്‍ കണക്‌ഷന്‍ കിട്ടും. എന്നാല്‍, പല സ്ഥാപനങ്ങളും കണക്ഷനെടുത്ത ശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച്‌ കുടിശ്ശികയീടാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതൊഴിവാക്കാനാണ് ആധാര്‍ നമ്ബര്‍ കൂടി പരിഗണിക്കുന്നത്.

ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ ആദ്യഘട്ടത്തില്‍ താത്പര്യമുള്ളവര്‍ മാത്രം ആധാര്‍ നമ്ബര്‍ നല്‍കുന്നതാണ് ബോര്‍ഡ് പരിഗണിക്കുന്നത്.

വൈദ്യുതി ബില്‍ കുടിശികയുണ്ടെന്ന പേരില്‍ സൈബര്‍ തട്ടിപ്പ് നടത്തുന്നതു തടയാന്‍ ഓണ്‍ലൈനില്‍ പണമടയ്ക്കുന്ന രീതി പരിഷ്കരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോര്‍ഡിന്റെ വൈബ്‌സൈറ്റില്‍ കയറി കണ്‍സ്യൂമര്‍ നമ്ബര്‍ നല്‍കിയാല്‍ ആരുടെയും ബില്ലിന്റെ വിശദാംശങ്ങള്‍ കാണാം.

പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തില്‍ മൊബൈല്‍ നമ്ബര്‍ മാത്രം നല്‍കിയാല്‍ വിവരങ്ങളറിയാം. ഇവയില്‍ നിന്ന് തട്ടിപ്പുകാര്‍ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. അതിനാല്‍, ഫോണില്‍ ലഭിക്കുന്ന ഒടിപി. രേഖപ്പെടുത്തിയ ശേഷം മാത്രം വിവരങ്ങള്‍ കാണാനാകുന്ന രീതി ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. സോഫ്റ്റ്‌വേര്‍ സുരക്ഷ സംബന്ധിച്ച ഓഡിറ്റ് നടത്താന്‍ കെഎസ്‌ഇബി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!