KSDLIVENEWS

Real news for everyone

സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ ശക്തമായി അപലപിച്ച്‌ ഖത്തര്‍ കാബിനറ്റ്

SHARE THIS ON

ദോഹ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച്‌ ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ചത്. സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കോപ്പി കത്തിക്കാന്‍ സ്വീഡിഷ് അധികൃതര്‍ അനുമതി നല്‍കിയതിനെയും ഹേഗില്‍ മറ്റൊരു തീവ്രവാദിക്ക് ഡച്ച്‌ അധികാരികളുടെ അനുമതിയോടെ ഖുര്‍ആന്‍ പതിപ്പ് നശിപ്പിക്കാന്‍ അനുമതി നല്‍കിയതിനെയും മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ അപലപിച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം നിന്ദ്യമായ പ്രവൃത്തികളും ഹീനമായ കുറ്റകൃത്യങ്ങളും മൂല്യങ്ങള്‍, ധാര്‍മികത, പരിഷ്കൃത പെരുമാറ്റം, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും പവിത്രതകളെയും മാനിക്കാനുള്ള കടമ എന്നിവയുമായി പൊരുത്തപ്പെടില്ലെന്ന് കാബിനറ്റ് ഊന്നിപ്പറഞ്ഞു. ലോകമെമ്ബാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടികളെന്നും രാജ്യങ്ങള്‍ക്കും ജനതകള്‍ക്കുമിടയില്‍ സഹിഷ്ണുതയും സാഹോദര്യവും സമാധാനപരമായ സഹവര്‍ത്തിത്വവും പ്രചരിപ്പിക്കേണ്ട സമയത്ത് വിദ്വേഷവും തീവ്രവാദവും കലഹവുമാണ് വളര്‍ത്തുന്നതെന്നും ഖത്തര്‍ മന്ത്രിസഭ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ചുള്ള ഇത്തരം പ്രകോപനപരമായ ക്രിമിനല്‍ നടപടികള്‍ അനുവദിക്കുന്നത് രാജ്യങ്ങള്‍ക്കും ജനതക്കുമിടയില്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!