KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് വയനാട്ടുകാരെ വഞ്ചിക്കുന്നു; ഇടതുപക്ഷമാണ് വര്‍ഗീയതയെ എതിര്‍ക്കുന്നത്‌- കെ.സി റോസക്കുട്ടി

SHARE THIS ON

കെ.പി.സി.സി വൈസ് പ്രസിഡന്റും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.സി റോസക്കുട്ടി ടീച്ചറുടെ കോൺഗ്രസിൽ നിന്നുള്ള രാജി ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. നിലവിൽ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന റോസക്കുട്ടി ടീച്ചർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളി്ൽ ഇടതുപക്ഷത്തിന്റെ വേദികളിൽ സജീവമാണ്. റോസക്കുട്ടി ടീച്ചർ സംസാരിക്കുന്നു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ആയിരുന്ന റോസക്കുട്ടി ടീച്ചറുടെ കോൺഗ്രസിൽ നിന്നുള്ള രാജി എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്താണ് രാജിയിലേക്ക് നയിച്ച കാര്യങ്ങൾ?

കുറേ നാളുകളായി ആലോചിക്കുന്ന കാര്യമായിരുന്നു ഇത്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് ആദ്യത്തെ കാരണം. വർഗീയ ശക്തികളെ എതിർക്കാൻ ഏറ്റവും ഉത്തരവാദിത്വമുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ അക്കാര്യത്തിൽ പൂർണമായും കോൺഗ്രസ് പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. പരിമിതികൾക്കുള്ളിൽ നിന്ന് ഇടതുപക്ഷം വർഗീയ ശക്തികളോട് പോരാടുമ്പോഴും കോൺഗ്രസ് അവർക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണ്. വയനാട്ടിൽ നിന്നുള്ള ഒരു ഉദാഹരണമെടുത്താൽ സുൽത്താൻ ബത്തേരി സഹരണ ബാങ്കിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചെയ്തത് ഇതാണ്. പാവം പിടിച്ച ഒരു കോൺഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നാണ് കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുടെ കയ്യിലേക്ക് അധികാരം നൽകിയത്. ബത്തേരി മുനിസിപ്പൽ തിരഞ്ഞെടുപ്പിലും വിജയിക്കാൻ വേണ്ടിയുള്ള പ്രവർത്തനമല്ല കോൺഗ്രസ് നേതൃത്വം നടത്തിയത്.

ഇപ്പോൾ കർഷക സമരം നോക്കു. സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ മുന്നേറ്റമല്ലേ. അതിന്റെ മുൻപന്തിയിൽ നിൽക്കേണ്ടിയിരുന്നത് കോൺഗ്രസ് അല്ലേ. അവിടെ കോൺഗ്രസിന്റെ അസാന്നിധ്യം വളരെ പ്രകടമല്ലേ. ഇത്തരത്തിൽ എല്ലാ മേഖലയിലും കോൺഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇത്തരം കാര്യങ്ങൾ ഏറെ നാളുകളായി മനസ്സിലുണ്ടായിരുന്നു.

പെട്ടെന്നുള്ള രാജിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. വയനാട് ചില സവിശേഷതകൾ ഉള്ള ജില്ലയാണ്. കാർഷിക മേഖലയിലും ജീവൻ സ്വത്ത് എന്നിവയിലെല്ലം വയനാട് ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കാർഷിക പ്രശ്നങ്ങൾ, ബഫർ സോണിന്റെ പ്രഖ്യാപനം പ്രകൃതി ദുരന്തങ്ങൾ ഭൂമി പ്രശ്നങ്ങൾ അങ്ങനെ നിരവധി. നിരവധി പ്രതിസന്ധികളിലൂടെയാണ് ഓരോ വയനാട്ടുകാരനും കടന്നുപോകാറുള്ളത്. ആ പ്രത്യേക സാഹചര്യത്തിൽ കൽപ്പറ്റ മണ്ഡലത്തിൽ വയനാട്ടുകാരനായ ഒരു സ്ഥാനാർഥി ഉണ്ടാകണമെന്ന് ഞങ്ങൾ പാർട്ടിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇത് ഇപ്പോൾ മാത്രം ഉണ്ടായതല്ല. നിരന്തരമായി വയനാട്ടുകാരെ അവഗണിക്കുന്ന അവസ്ഥയാണുള്ളത്. വയനാട്ടുകാരുടെ നേരെ എന്ത് നിലപാട് സ്വീകരിച്ചാലും അവർ പ്രതികരിക്കില്ല എന്നൊരു ധാരണ പൊതുവെയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ഇതാണ് കണ്ടത്. വയനാടുമായി ഒരു ബന്ധവുമില്ലാത്തവരെ സ്ഥാനാർഥികളാക്കി വിജയിപ്പിക്കും അവർ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ല. കേവലം പ്രതീകാത്മക സമരങ്ങളും മറ്റും നടത്തി നമ്മളെ കബളിപ്പിച്ചുകൊണ്ടിരിക്കും. ഇതിനിയും കണ്ട് നിൽക്കുന്നതിൽ അർഥമില്ലെന്ന് തോന്നി. അതാണ് പെട്ടെന്ന് രാജിയിലേക്ക് നയിച്ചത്.

ഇത്തരം വിഷയങ്ങളിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ?

അതിന് ഒരുപാട് പരമിതികളുണ്ട്. എന്നെപ്പോലുള്ളവർക്ക് രാഹുൽ ഗാന്ധിയോട് ഇത്തരം കാര്യങ്ങൾ സംസാരിക്കാനുള്ള അവസരം ഉണ്ടാകാറില്ല. അല്ലെങ്കിൽ നേതാക്കൾ അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ജനപ്രതിനിധി കൂടിയായ അദ്ദേഹത്തിനോട് ഇത്തരം കാര്യങ്ങൾ അറിയിക്കാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. കർഷക സമരത്തിൽ ഉൾപ്പടെ അദ്ദേഹത്തിന്റെ നിലപാടുകൾ നിരാശാജനകമായിരുന്നു.

കെ.പി.സി.സി വൈസ്പ്രസിഡന്റ് എന്ന സ്ഥാനത്ത് പേരിന് ഇരുത്തി എന്നല്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യത്തിലൊന്നും ഒരു കൂടിയാലോചനകളും എന്നോട് കോൺഗ്രസ് നേതൃത്വം നടത്തിയിരുന്നില്ല. എല്ലാ കാലത്തും അങ്ങനെയായിരുന്നു. ഒരു ജനാധിപത്യ സ്വഭാവത്തിൽ നിന്ന് കോൺഗ്രസ് അകന്നിരുന്നു. ആരെങ്കിലും രണ്ട് പേര് എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുക എന്ന അവസ്ഥയിലേക്ക് അത് മാറി. ഈ സാഹചര്യത്തിൽ തുടരുന്നതിൽ അർഥമില്ല എന്ന് തോന്നി.

സമീപകാലത്ത് വയനാട്ടിൽ നിരവധി കോൺഗ്രസ് നേതാക്കൻമാർ രാജി വെച്ചു. വയനാട്ടിലെ കോൺഗ്രസ് പ്രതിസന്ധിയിലാണോ?

നിരവധി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉള്ളിൽ അസംതൃപ്തിയോടെ കോൺഗ്രസിൽ തുടരുന്നുണ്ട്. എല്ലാവർക്കും രാജി വെക്കാനുള്ള ധൈര്യമുണ്ടാകില്ലല്ലോ. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയാണ് കോൺഗ്രസിലിപ്പോൾ. സഹകരണ സ്ഥാപനങ്ങൾ എല്ലാം നഷ്ടപ്പെടുകയാണ്. ഇങ്ങനെ പോയാൽ വയനാട്ടിൽ കോൺഗ്രസുണ്ടാകില്ല. കോൺഗ്രസും ബി.ജെ.പിയുമായുള്ള ബന്ധം ബത്തേരിയിൽ ഉൾപ്പടെ പരസ്യമായത് ജനങ്ങൾ കണ്ടതാണ്.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഉത്തവാദിത്വത്തോടെ നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവസാനം മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതലയാണ് നൽകിയത്. അവിടെ കോൺഗ്രസിന് ഭരണം ലഭിച്ചു. എന്നിട്ടും ഇപ്പോൾ എനിക്ക് പ്രസക്തിയില്ലെന്ന് പറയുന്ന മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ ഏറെ കാലമായി പാർട്ടി പരിപാടിക്ക് ഒന്നും വിളിക്കാറുണ്ടായിരുന്നില്ല. അവർക്ക് അതിന് കൃത്യമായ നിർദേശം ലഭിച്ചിരുന്നു.

എന്തുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനിച്ചത്?

നേരത്തെ പറഞ്ഞ കാരണങ്ങളൊക്കെ തന്നെ. വർഗീയ ശക്തികൾക്കെതിരെ കൃത്യമായ നിലപാടുള്ള പ്രസ്ഥാനം ഇടതുപക്ഷമാണ്. വർഗീയത വളരാതിരിക്കണമെങ്കിൽ കേരളത്തിൽ ഇടതുപക്ഷം ശക്തിപ്പെടണം. കോൺഗ്രസിന് അവിടെ പ്രസക്തി നഷ്ടപ്പെട്ടു. ഇടതുപക്ഷമാണ് വർഗീയതയ്ക്കെതിരെ പോരാടുന്നത്. കർഷക സമരത്തിൽ ഉൾപ്പടെ ഇടതുപക്ഷ നിലപാടുകൾ നാം കണ്ടതാണ്. അതിനാൽ ഇടതുപക്ഷവുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ വനിതകളെ അവഗണിച്ചതായി ആക്ഷേപമുണ്ടായി. ടീച്ചർക്ക് പുറമെ ലതിക സുഭാഷ് ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ വലിയ ചർച്ചയായി.

Noഒരു പുരോഗമന സമൂഹത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇരുപത് സീറ്റുകൾ പോലും സ്ത്രീകൾക്ക് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്നത് എന്ത് അനീതിയാണ്. അത് ആരുടെയും ഔദാര്യം ഒന്നും അല്ല. മഹിള കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിന് പോലും ഒരു സീറ്റില്ല എന്ന് പറയുമ്പോൾ ഈ അനീതി വ്യക്തമല്ലേ. അടുത്തകാലത്ത് നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ സ്ത്രീ പ്രാതിനിധ്യം എത്ര ദയനീയമാണ്. ഇങ്ങനെയാണോ കോൺഗ്രസ് പോലൊരു പാർട്ടിയിൽ സംഭവിക്കേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വനിത മുന്നേറ്റം കണ്ടിട്ടെങ്കിലും ഇക്കാര്യത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ് തയ്യാറാവുന്നുണ്ടോ. ഇക്കാര്യത്തിൽ ഇടതുപക്ഷം താരതമ്യേനെ ഭേദമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എട്ട് സ്ത്രീകൾ വിജയിക്കുകയും രണ്ട് പേർ മന്ത്രിമാരാകുകയും ചെയ്തു. അന്ന് വനിത കമ്മീഷൻ ചെയർപെഴ്സൺ ആയിരുന്ന ഞാൻ അക്കാര്യത്തിൽ അവരെ അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!