പോളിംഗ് വൈകിട്ട് ആറു വരെ കോവിഡ് ബാധിതർക്കും, ക്വാറന്റൈനില്‍ കഴിയുന്നവർക്കും വോട്ട് വൈകിട്ട് ആറിനും ഏഴിനും ഇടയിൽ

കണ്ണൂര്‍: കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ വോട്ടര്‍മാര്‍ക്ക് വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം. ബൂത്തിലെത്തിയ വിവരം സഹായി മുഖേന ഏഴു മണിക്ക് മുമ്ബ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.
ആറു മണിക്ക് മുമ്ബ് പോളിംഗ് സ്‌റ്റേഷനിലെത്തുന്ന അവസാന ജനറല്‍ വോട്ടറും വോട്ട് രേഖപ്പെടുത്തിയ ശേഷമേ കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. അതുവരെ അവര്‍ പ്രത്യേകം സജ്ജമാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിലോ വന്ന വാഹനങ്ങളിലോ ഇവര്‍ കാത്തിരിക്കേണ്ടിവരും. മറ്റ് വോട്ടര്‍മാര്‍ ആറു മണിക്കു മുമ്ബായി തന്നെ വോട്ടിംഗ് കേന്ദ്രത്തിലെത്തണം.
വോട്ട് ചെയ്യാനെത്തുന്ന കൊവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ഫോര്‍മാറ്റിലുള്ള കൊവിഡ്/ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
താമസസ്ഥലത്ത് വോട്ടുപെട്ടിയെത്തി
തപാല്‍ വോട്ട് ചെയ്യുന്നതിനായി ഫോറം 12ഡിയില്‍ വരണാധികാരികള്‍ക്ക് നേരത്തേ അപേക്ഷ നല്‍കിയവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം നടക്കുന്നുണ്ട്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത്. രഹസ്യമായി വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റല്‍ ബാലറ്റ് പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറുകയോ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന്‍ മുഖാന്തിരം എത്തിക്കുകയോ ചെയ്യാം. കാഴ്ച വൈകല്യം മൂലമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാലോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാനും വ്യവസ്ഥയുണ്ട്.

