മരുന്നു വില വര്‍ധന; ചികിത്സച്ചെലവ് കുത്തനെ ഉയരും

കോഴിക്കോട്: മരുന്നുവില വര്‍ധന സാധാരണക്കാരന്റെ ജീവിതത്തെ രൂക്ഷമായി ബാധിക്കും. ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവയുടെ വില വര്‍ധിക്കുന്നതാണ് സാധാരണക്കാരെ ഏറ്റവും അധികം ബാധിക്കുക. ഈ രണ്ട് ഇനങ്ങളില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ ജീവിതാവസാനം വരെ എന്നപോലെ ഉപയോഗിക്കേണ്ടവയാണ്.
നിലവില്‍തന്നെ വിവിധതരത്തിലാണ് മരുന്നുകളുടെ വില. ഹൃദ്രോഗ ചികിത്സയില്‍ 50 പൈസയുടെ ആസ്പിരിന്‍ മുതല്‍ ഗുളിക ഒന്നിന് 70 രൂപ വില വരുന്ന ബ്രില്ലിന്റ പോലുള്ള മരുന്നുകള്‍ ഉണ്ട്. ഹൃദ്രോഗത്തിന് പല മരുന്നുകള്‍ കഴിക്കേണ്ടി വരും. ദിവസവും ശരാശരി 250-300 രൂപയുടെ മരുന്നുകള്‍ ആവശ്യമാണ്. ഇടത്തരം വിലയുള്ള മരുന്നുകളാണ് കഴിക്കുന്നതെങ്കില്‍പോലും ഒരുമാസം 7000 രൂപ വരെ ചെലവഴിക്കേണ്ടി വരും. സാധാരണക്കാരനായ മനുഷ്യര്‍ക്ക് ഇപ്പോള്‍തന്നെ വരുമാനത്തിന്റെ ഭൂരിഭാഗവും മരുന്നു വാങ്ങാന്‍ ചെലവിടേണ്ട അവസ്ഥയാണ്. 10.7 ശതമാനം വില വര്‍ധനകൂടി നിലവില്‍ വരുന്നതോടെ ചികിത്സച്ചെലവ് കുത്തനെ ഉയരും.
ചില ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് കമ്ബനികളുടെ മരുന്നുകളാണ് എഴുതുക. അവക്കാണെങ്കില്‍ ഇതിലും വലിയ വില നല്‍കേണ്ടി വരും. പല രോഗികളും മരുന്നിന്റെ വില താങ്ങാനാകാത്തതിനാല്‍ ഓരോ ദിവസവും വന്ന് അന്നന്നത്തേക്കുള്ള മരുന്നുകള്‍ വാങ്ങുകയാണ് ചെയ്യാറെന്ന് മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നു. നേരത്തേ, വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ മാത്രം വില കുറഞ്ഞവയാണ് പല ഹൃദ്രോഗ മരുന്നുകളും.
ഹൃദ്രോഗ മരുന്നുകള്‍ക്ക് മാത്രമല്ല, സ്റ്റെന്റ് ഉള്‍പ്പെടെയുള്ള 100ഓളം വരുന്ന ഉപകരണങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍പോലും ഹൃദ്രോഗ ശസ്ത്രക്രിയകള്‍ക്ക് ലക്ഷങ്ങള്‍ ചെലവാകുന്ന സമയത്ത് സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വില വര്‍ധനയും രോഗികളെ രൂക്ഷമായി ബാധിക്കും.
രക്തസമ്മര്‍ദ മരുന്നുകള്‍ വലിയ ചെലവുള്ളതല്ലെങ്കിലും കാലങ്ങളോളം കഴിക്കേണ്ടിവരുന്നതാണ് ആളുകള്‍ക്ക് ബുദ്ധിമുട്ടാവുന്നത്. ശരാശരി 30 രൂപ ചെലവാക്കിയാല്‍ ഒരു ദിവസത്തേക്ക് രക്തസമ്മര്‍ദ മരുന്നുകള്‍ ലഭ്യമാകും. എന്നാല്‍, ദിവസവും കഴിക്കേണ്ട മരുന്നുകള്‍ക്ക് ഉണ്ടാകുന്ന വിലവര്‍ധന രോഗികളെ വലക്കും.
അതേസമയം, വിലവര്‍ധന ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് അനുഭവപ്പെടുകയില്ല. നിലവില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ തീര്‍ന്നശേഷം വരുന്ന പുതിയ മരുന്നുകള്‍ക്കായിരിക്കും വിലവര്‍ധന.

