ദേശീയ പണിമുടക്ക്: കേരളത്തില്‍ അക്രമം, ഹര്‍ത്താല്‍ പ്രതീതി, മറ്റിടങ്ങളില്‍ ജനത്തെ വലച്ചില്ല

ന്യൂഡല്‍ഹി: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം. മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ചെന്നൈയില്‍ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളില്‍ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണ പോലെ തുടര്‍ന്നു.
കേരളം
കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമ സംഭവങ്ങള്‍ പണിമുടക്കിനോടനുബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഹര്‍ത്താലിന് സമാനമായിരുന്നു ആദ്യ ദിവസ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

