എവിടെപ്പോയി 4 കോടി ഡോസ് കോവാക്‌സിന്‍; ഉത്പാദന-വിതരണ കണക്കില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള കണക്കിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് ഏകദേശം 2.1 കോടി കോവാക്സിൻ ഡോസുകളാണ്. എന്നാൽ ആറുകോടിയിലധികം ഡോസ് വാക്സിനുകളായിരുന്നു വിതരണം ചെയ്യപ്പെടേണ്ടിയിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ചിൽ 1.5 കോടി കോവാക്സിൻ ഡോസുകൾ ഉത്പാദിപ്പിച്ചു കഴിഞ്ഞതായാണ് ഭാരത് ബയോടെക്ക് ഏപ്രിൽ 20-ന് വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ അവസാനത്തോടെ ഉത്പാദനം രണ്ടുകോടിയാക്കുമെന്നും മേയ് മാസത്തിൽ വാക്സിൻ ഡോസുകളുടെ ഉത്പാദനം മൂന്നുകോടിയാകുമെന്നും കമ്പനി സി.ഇ.ഒ. കൃഷ്ണ എല്ല അറിയിച്ചിരുന്നു. ഉത്പാദനം വിചാരിച്ചത്ര അളവിൽ എത്താതിരുന്നാൽ കൂടിയും മേയ് മാസം അവസാനത്തോടെ ലഭ്യമാകേണ്ടിയിരുന്നത് 5.5 കോടി ഡോസുകളായിരുന്നു.
പ്രതിമാസം രണ്ടുകോടി ഡോസ് കോവാക്സിൻ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച രണ്ടു വ്യത്യസ്ത സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താൽ മേയ് അവസാനത്തോടെ 5.5 കോടിക്കടുത്ത് ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കപ്പെടേണ്ടതാണ്.
രണ്ടുകോടി വാക്സിൻ കമ്പനിയുടെ കൈവശമുണ്ടെന്ന് ജനുവരി അഞ്ചിന്(രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനും മുൻപേ) തന്നെ കൃഷ്ണ എല്ല പറഞ്ഞിരുന്നു. ഇതുകൂടി കണക്കിലെടുത്താൽ 7.5 കോടി ഡോസ് വാക്സിൻ വരും. മാർച്ച്, ഏപ്രിൽ മാസങ്ങളെ അപേക്ഷിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഉത്പാദനം കുറവായിരുന്നെങ്കിൽ കൂടിയും ആകെ കണക്കെടുക്കുമ്പോൾ എട്ടുകോടി ഡോസിന് അടുത്തുവരും.
വാക്സിൻ നയതന്ത്രത്തിന്റെ ഭാഗമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതായും കണക്കാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് പറയുന്നു. കാരണം ഇന്ത്യ ആകെ കയറ്റുമതി ചെയ്തത് 6.6 കോടി ഡോസ് വാക്സിനാണ്. ഇതിൽ അധികവും കോവിഷീൽഡ് വാക്സിനാണ്. ആകെ കയറ്റുമതി ചെയ്തതിൽ രണ്ടുകോടി കോവാക്സിൻ ആണെന്ന് തന്നെ കരുതിയാലും ആറുകോടി കോവാക്സിൻ രാജ്യത്ത് ലഭ്യമാകുമായിരുന്നു. അങ്ങനെ നോക്കുമ്പോൾ നാലുകോടി ഡോസ് കോവാക്സിന്റെ കുറവാണുള്ളത്. രാജ്യം കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

