പെട്രോളിന് വ്യത്യസ്ത വില ഈടാക്കണം- സി.വി. ആനന്ദബോസ്

ചെന്നൈ: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒരു പോലെ വിചാരിക്കണമെന്ന് മുൻ സീനിയർ ഐ.എ.എസ്. ഓഫീസറും ബി.ജെ.പി. നേതാവുമായ സി.വി. ആനന്ദബോസ്. ”പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതിന് പിന്നിൽ സർക്കാരിന് പല യുക്തികളുമുണ്ടാവും. പക്ഷേ, ജനവികാരം എന്നൊന്നുണ്ട്. അത് കാണാതിരിക്കാൻ ഒരു ഭരണകൂടത്തിനുമാവില്ല. അതുകൊണ്ടുതന്നെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ വിഷയത്തിൽ നിലപാട് എടുക്കേണ്ടതായുണ്ട്.” ഡൽഹിയിൽനിന്നു മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദബോസ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായ സംഭവവികാസമാണിത്. യു.പി.എ. സർക്കാരിനെതിരെ ഈ വിഷയത്തിൽ കടുത്ത വിമർശമാണ് ബി.ജെ.പി. നേതാക്കൾ ഉന്നയിച്ചിരുന്നത്. അധികാരം കിട്ടിയാൽ പെട്രോൾ വില കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പക്ഷേ, വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ബി.ജെ.പി. നേതൃത്വം ഇക്കാര്യത്തിൽ പറഞ്ഞ വാക്ക് പാലിക്കാതിരിക്കുന്നത്? ഇതിൽ ബി.ജെ.പി., കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് എന്ന വ്യത്യാസമില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഏറ്റവും എളുപ്പത്തിൽ പണം കിട്ടുന്ന മേഖലയാണിത്. നമ്മൾ പെട്രോളോ ഡീസലോ അടിച്ചാൽ ആ നിമിഷം സർക്കാരിന് അവരുടെ വിഹിതം കിട്ടിയിരിക്കും. അഞ്ച് ലക്ഷം കോടി രൂപപയോളമാണ് ഒരു വർഷം ഈ ഇനത്തിൽ സർക്കാരിന് കിട്ടുന്നത്. ഇത് വേണ്ടെന്ന് വെയ്ക്കുക എളുപ്പമല്ല. ബി.ജെ.പിയുടെ തിങ്ക് ടാങ്കിലെ ഒരംഗമെന്ന നിലയിൽ ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താങ്കൾ എപ്പോഴെങ്കിലും ചർച്ച ചെയ്തിട്ടുണ്ടാ? ഇല്ല. സാധാരണഗതിയിൽ ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാർ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. ചിലപ്പോൾ സ്വമേധയാ ചില കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താറുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു ചർച്ചയും നടത്താൻ എനിക്കവസരം ലഭിച്ചിട്ടില്ല. പക്ഷേ, ഈ വിഷയത്തിൽ എനിക്ക് വ്യക്തമായ നിലപാടുണ്ട്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സർക്കാരാണ് പെട്രോളിയം വില നിർണ്ണയിക്കുന്നതിനുള്ള അവകാശം സർക്കാരിൽനിന്ന് എടുത്തുമാറ്റി എണ്ണക്കമ്പനികൾക്ക് നൽകിയത്. അതിൽ ഒരു യുക്തിയുണ്ടായിരുന്നു. എന്തായിരുന്നു ആ യുക്തി? സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പണമാണ് പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള സബ്സിഡിയായി നൽകിയിരുന്നത്. ”populist measures should end” എന്നാണ് മൻമോഹൻസിങ്ങ് ആവർത്തിച്ച് പറഞ്ഞിരുന്നത്. ഒരു ഉത്പന്നതിന്റെ വില കമ്പോള വിലയ്ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യട്ടെ എന്ന നിലപാടായിരുന്നു മൻമോഹൻ സിങ് സർക്കാരിന്റേത്. വില നിർണ്ണയിക്കുന്നതിനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തത് ഇതിന്റെ ഭാഗമായാണ്. പക്ഷേ, ഇത് വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കും എന്ന വിമർശമുയർന്നു. ഇതോടെയാണ് പെട്രോളിനുള്ള സബ്സിഡി എണ്ണക്കമ്പനികൾക്ക് നേരിട്ട് കൊടുക്കാനായി ഓയിൽബോണ്ടുകൾ ഇറക്കിയത്. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഇത് രാജ്യത്തിന് വരുത്തിവെച്ചത്. ഭാവിതലമുറയെ പണയം വെയ്ക്കുന്ന പരിപാടിയായിരുന്നു അത്. രണ്ട് ലക്ഷം കോടി രൂപയോളം വരുന്ന ബാദ്ധ്യതയായിരുന്നു അത്. പെട്രോളിന്റെ വില എന്നു പറയുന്നത് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതികൾ കൂടി ഉൾപ്പെട്ടതാണ്. ഇതിൽ കേന്ദ്ര സർക്കാരിന്റേത് സ്ഥിര നികുതിയാണ് (fixed tax) സംസ്ഥാന നികുതി അങ്ങിനെയല്ല. അതുകൊണ്ടാണ് വില കൂടുമ്പോൾ കൂടുതൽ മെച്ചം സംസ്ഥാന സർക്കാരുകൾക്കാണെന്ന് പറയുന്നത്. കേരളത്തിന്റെ കാര്യം പറഞ്ഞാൽ രാഷ്ട്രീയം കലർത്തുകയാണെന്ന് പറയും. നമുക്ക് മഹാരാഷ്ട്രയെ നോക്കാം. 40 ശതമാനമാണ് അവരുടെ നികുതി. പെട്രോളിന്റെ അടിസ്ഥാന വില 50 രൂപയാണെങ്കിൽ 20 രൂപ അവർക്ക് കിട്ടും. അടിസ്ഥാന വില 60 രൂപയായാൽ അവർക്ക് 24 രൂപ താനേ കിട്ടും. അടിസ്ഥാന വില 100 രൂപയായായാൽ 40 രൂപയാണ് അവർക്ക് കിട്ടുക. നമുക്ക് ഇപ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിൽ സംസാരിക്കാം. കേരളത്തിൽ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 38 രൂപ 50 പൈസയാണ്. ഇതിന്റെ കേന്ദ്ര നികുതി 32 രൂപ തൊണ്ണൂറ് പൈസയാണ്. സംസ്ഥാനം ചുമത്തുന്ന വാറ്റ് 22 രൂപ 68 പൈസയാണ്. കേന്ദ്ര നികുതി തന്നെയാണ് കൂടുതലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്? ഇതിൽ കേന്ദ്രം ചുമത്തുന്ന എകൈ്സസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കാണ്. ഫിനാൻസ് കമ്മീഷന്റെ ഫോർമുല അനുസരിച്ചാണ് ഈ വിഹിതം. റോഡ് നിർമ്മാണവും കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടുമുള്ള സെസ് ഇതിന് പുറമെയാണ്. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് സെസ് എന്തിന് വേണ്ടിയാണോ പിരിക്കുന്നത് അതിന് മാത്രമേ അത് ഉപയോഗിക്കാവൂ എന്നതാണ്. അതായത് റോഡ് വികസനത്തിനു വേണ്ടിയുള്ള സെസ്സാണെങ്കിൽ അത് അതിന് മാത്രമേ ഉപയോഗിക്കാനാവുകയുളളു. അങ്ങിനെ വരുമ്പോൾ ഈ സെസ്സും ആത്യന്തികമായി സംസ്ഥാനങ്ങളിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നത്. നേരത്തെ പറഞ്ഞതുപോലെ ഏറ്റവും എളുപ്പത്തിൽ പിരിച്ചെടുക്കാവുന്ന നികുതിയാണ് പെട്രോളിൽനിന്ന് കിട്ടുന്നതെന്നതാണ് സർക്കാരിനെ ഈ നികുതി ഇങ്ങനെ തന്നെ നിലനിർത്താൻ പ്രേരിപ്പിക്കുന്നത്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഉപഭോക്താക്കൾക്ക് എന്തുകൊണ്ട് ആശ്വാസം കിട്ടുന്നില്ലെന്നാണ്. പെട്രോൾ വില നിർണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തപ്പോൾ പറഞ്ഞിരുന്ന മുഖ്യകാര്യം അന്താരാഷ്ട്ര വിപണിയിൽ വില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഇവിടെയും വിലയിൽ മാറ്റമുണ്ടാവുമെന്നാണ്. 2008-ൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 147 ഡോളറായിരുന്നു വിലയെങ്കിൽ ഇപ്പോൾ അത് 75 ഡോളറാണ്. പക്ഷേ, ഇന്ത്യയിൽ വില സകല റെക്കോഡുകളും ഭേദിച്ച് നൂറിലെത്തിയിരിക്കുകയാണ്. അപ്പോൾ പിന്നെ ആരെ സഹായിക്കുന്ന കാര്യമാണ് കേന്ദ്ര സർക്കാർ പറയുന്നത്? കേന്ദ്രവും സംസ്ഥാനവും നികുതികൾ കുറയ്ക്കുന്നില്ല എന്നതാണ് കാരണം. അതിന്റെയർത്ഥം വിലക്കയറ്റത്തിന് രണ്ടു കൂട്ടരും ഒരുപോലെ ഉത്തരവാദികളാണെന്നാണോ? അതെ. പെട്രോൾ വില കുറയ്ക്കണമെങ്കിൽ അതിന് മാർഗ്ഗമുണ്ട്. അതിന് പക്ഷേ, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപടി എടുക്കണം. ഇരുകൂട്ടരും ഒന്നിച്ചിരുന്നാലോചിച്ചാൽ ഇതിനുള്ള വഴികൾ തെളിഞ്ഞുവരും. എന്തൊക്കെ വഴികളാണ് താങ്കളുടെ മുന്നിലുള്ളത്? ഒന്നാമത്തെ വഴി പെട്രോളിനെ ജി.എസ്.ടിയിൽ കൊണ്ടുവരിക എന്നുള്ളതാണ്. ജി.എസ്.ടി. തന്നെ വേണ്ടെന്നുവെയ്ക്കണമെന്നാണ് തമിഴ്നാടിനെപ്പോലുള്ള സംസ്ഥാനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. അപ്പോൾ പിന്നെ ഇത് പ്രായോഗികമാണോ? ജി.എസ്.ടി. ആദ്യം മുന്നോട്ടു വെച്ചത് യു.പി.എ. സർക്കാരാണ്. ബി.ജെ.പി. അന്നതിനെ എതിർക്കുകയാണ് ചെയ്തത്. പക്ഷേ, ബി.ജെ.പി. സർക്കാർ വന്നപ്പോൾ ജി.എസ്.ടി. നടപ്പാക്കുകയാണ് ചെയ്തത് ? അത് രാഷ്ട്രീയമാണ്. പ്രശ്നം ജി.എസ്.ടിയുടേതല്ല. പത്ത് പതിനഞ്ചു കൊല്ലം ചർച്ച ചെയ്ത ശേഷം നടപ്പാക്കിയ തീരുമാനമാണ് ജി.എസ്.ടി. ജി.എസ്.ടി. പരാജയമാണെന്നും തങ്ങൾക്ക് അവകാശപ്പെട്ട വരുമാനം കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്നുമാണ് പല സംസ്ഥാനങ്ങളും പരാതിപ്പെടുന്നത്? ജി.എസ്.ടി. കൗൺസിലിൽ കേന്ദ്ര സർക്കാരിന് ഒരു തരത്തിലുള്ള മേധാവിത്വവുമില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ അതിൽ തീരുമാനമെടുക്കാനാവുകയുള്ളു. പാർലമെന്ററി സംവിധാനത്തിൽ ഇതിൽ കൂടുതൽ ജനാധിപത്യപരമാവാൻ എങ്ങിനെയാണ് കഴിയുന്നത്. പിന്നെ ഒലിവർ ട്വിസ്റ്റിനെപ്പോലെ ഞങ്ങൾക്ക് കൂടുതൽ കിട്ടണം എന്ന് എല്ലാവരും പറയും. ജി.എസ്.ടി. കൗൺസിലിൽ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിച്ച് കേന്ദ്ര സർക്കാരിന് പിന്നിൽ അണിനിരക്കുമ്പോൾ കേന്ദ്ര സർക്കാരിന് മേധാവിത്വമുണ്ടാവും എന്നത് കാണാതിരിക്കാനാവില്ല. അതവിടെ നിൽക്കട്ടെ. ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാതെ പെട്രോളിയം വില കുറയ്ക്കാൻ വേറെ വഴിയില്ലേ? വഴിയുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതികൾ കുറയ്ക്കണം. പക്ഷേ, ഇത് പറയാനെളുപ്പമാണ്. കാരണം നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ അഞ്ച് ലക്ഷം കോടി രൂപയുടെ വരുമാനമാണിത്. ആരു ഭരിച്ചാലും ഇത് വിട്ടുകൊടുക്കാൻ തോന്നില്ല. ഇവിടെയാണ് പൊളിറ്റിക്കൽ ഫിലോസഫി വരേണ്ടത്. ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയാണ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ. അത് കഴിഞ്ഞിട്ടാണ് വാഹനം വരുന്നത്. വാർദ്ധക്യകാല പെൻഷനുൾപ്പെടെ അവശ വിഭാഗങ്ങളെ സഹായിക്കാനാണോ അതോ വാഹന ഉടമകളെ സഹായിക്കാനാണോ സർക്കാർ നിലകൊള്ളേണ്ടത് എന്ന ചോദ്യമാണത്. വാഹന ഉടമകൾ എല്ലാവരും പണക്കാരല്ല. ഇരു ചക്രവാഹനങ്ങൾ ഓടിക്കുന്നവർ തീർത്തും സാധാരണക്കാരാണ്. മാത്രമല്ല, ഡീസൽ ഉപയോഗിച്ചാണ് ചരക്കുവാഹനങ്ങൾ പ്രവർത്തിക്കുന്നത്. സമൂഹത്തിലെ എല്ലാവരേയും ബാധിക്കുന്ന സംഗതിയാണിത്. അതുകൊണ്ടുതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വില പണക്കാരെയാണ് ബാധിക്കുന്നതെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഇവിടെയാണ് നമ്മൾ ഡിഫറൻഷ്യൽ പ്രൈസിങ് കൊണ്ടു വരേണ്ടത്. ഇരുചക്ര വാഹനങ്ങൾക്കും നാല് ചക്ര വാഹനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കാം. ടാക്സികൾക്കും ഓട്ടോകൾക്കും വ്യത്യസ്ത വില കൊണ്ടു വരാം. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പണി എടുത്തത് വീട്ടമ്മമരാണ്. അവരാണ് വീടും രാജ്യവും മുന്നോട്ടുകൊണ്ടുപോയത്. വേണമെങ്കിൽ അവർ ഓടിക്കുന്ന വാഹനങ്ങൾക്കും എണ്ണ വില കുറച്ചു കൊടുക്കാം. പക്ഷേ, വ്യത്യസ്ത വില ഈടാക്കൽ എത്ര മാത്രം പ്രായോഗികമാണ്? ബാങ്കിൽ വ്യത്യസ്ത പലിശകൾ ഈടാക്കുന്നില്ലേ. ഇതും അതുപോലെ നടപ്പാക്കാവുന്നേയുള്ളു. ആധാർ കാർഡുകൾ പെട്രോൾ പമ്പുകളുമായി ബന്ധിപ്പിക്കാവുന്നതേയുള്ളു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ സാങ്കേിതക വിദഗ്ധർക്ക് പരിഹരിക്കാവുന്നതേയുള്ളു. ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ നടപ്പാക്കാനാവും. ഇംഗ്ളണ്ടിലും ഓസ്ട്രേലിയയിലും പെട്രോളിന് വ്യത്യസ്ത വിലകൾ ഈടാക്കുന്നുണ്ടെന്നാണ് എനിക്കുള്ള വിവരം. പണമുള്ളവരും ഇല്ലാത്തവരും ഒരേ വില കൊടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. എന്റെ ബെൻസ് കാറിന് സർക്കാർ എന്തിനാണ് പെട്രോൾ വില കുറച്ചു തരുന്നത്? (എനിക്ക് ബെൻസൊന്നുമില്ല. ഒരു ഉദാഹരണത്തിനായി പറഞ്ഞതാണ്.) എന്നെപ്പോലെയളുളവർക്ക് എന്തിനാണ് കോവിഡ് വാക്സിൻ സൗജന്യമായി തരുന്നത്? അത് പക്ഷേ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഒരു മഹാമാരി വരുമ്പോൾ അതിൽനിന്ന് സമൂഹത്തെ ഒന്നടങ്കം രക്ഷിക്കുക എന്നതാണ് സുപ്രധാനം. എല്ലാവർക്കും വാക്സിൻ കിട്ടുന്നതുവരെ ആരും സുരക്ഷിതരല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക വളർച്ച പോലും വാക്സിനേഷനെ ആശ്രയിച്ചാണിരിക്കുന്നത്. അങ്ങിനെ വരുമ്പോൾ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകേണ്ടി വരും. അമേരിക്കയിൽ പോലും വാക്സിൻ സൗജന്യമാണെന്നത് മറക്കാനാവുമോ? ആ ചർച്ച നമുക്ക് തൽക്കാലം മാറ്റിവെയ്ക്കാം. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയാണ് നമ്മുടെ വിഷയം. വില കുറയ്ക്കണമെങ്കിൽ മുഖ്യമായും മൂന്ന് വഴികളാണുള്ളത്. ഒന്ന് ജി.എസ്.ടി. ബാധകമാക്കുക, രണ്ട് വ്യത്യസ്ത വിലകൾ കൊണ്ടു വരിക, മൂന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് നികുതികൾ കുറയ്ക്കുക. ജി.എസ്.ടിയിൽ ഇപ്പോൾ ഒരുത്പന്നത്തിനും 28 ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കാനാവില്ല. പക്ഷേ, ഇതിന് ഭേദഗതികൾ കൊണ്ടു വരാനാവും. 70 രൂപയിൽ കുറഞ്ഞ വിലയ്ക്ക് ഒരു ലിറ്റർ പെട്രോൾ വേണമെന്ന് ജനങ്ങൾപോലും കരുതുന്നുണ്ടാവില്ല. നാലാമതൊരു വഴിയുള്ളത് പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചു പോവുക എന്നതാണ്. അതായത് വില സർക്കാർ തന്നെ നിർണ്ണയിക്കുക. ഇത് പക്ഷേ, പരിഹാരത്തേക്കാളും വഷളായ സംഗതിയാണ്. മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് വില നിശ്ചയിക്കാൻ തുടങ്ങിയിൽ അത് കാര്യങ്ങൾ വഷളാക്കും. വില നിർണ്ണയിക്കുന്നത് എണ്ണക്കമ്പനികളാണെങ്കിലും ഇപ്പോഴും സർക്കാർ ഇടപെടുന്നില്ലെന്ന് പറയാനാവുമോ? തിരഞ്ഞെടുപ്പ് കാലത്ത് വില കൂടാത്തത് സർക്കാർ ഇടപെടുന്നതുകൊണ്ടല്ലേ? അത് ജനാധിപത്യത്തിൽ സ്വാഭാവികമാണ്. അനൗപചാരികമായി നടക്കുന്ന പരിപാടിയാണത്. അത് ശരിയാണെന്ന് പറയാനാവില്ല. ജി.എസ്.ടി. കൗൺസിലിൽ ബി.ജെ.പി. ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് പലപ്പോഴും മുൻഗണന കിട്ടാറുണ്ട്. കേരളത്തിലെ മുൻ ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ടു വെച്ചിട്ടുള്ള പല നിലപാടുകൾക്കും ജി.എസ്.ടി. കൗൺസിലിൽ അർഹിക്കുന്ന പിന്തുണ കിട്ടിയിട്ടുണ്ട്. ട്രാക്റ്ററുകളുടെ സ്പെയർ പാർട്ടുകൾക്ക് 28 ശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്. ഇത് കർഷകർക്ക് വലിയ ബുദ്ധിമുട്ടാണുളവാക്കിയത്. ഇക്കാര്യം എന്നോട് ചില കർഷക സംഘടനകൾ പറഞ്ഞു. ഈ വിഷയം ഞാൻ തോമസ് ഐസക്കിന്റെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം അത് ജി.എസ്.ടി. കൗൺസിലിൽ ഉന്നയിച്ചു. ഇതിനിടയിൽ അന്നത്തെ ബി.ജെ.പി. പ്രസിഡന്റ് അ്മിത് ഷായുടെ മുന്നിലും ഇക്കാര്യം ഞാൻ അവതരിപ്പിച്ചു. അദ്ദേഹവും അനുകൂല നിലപാടെടുത്തു. അങ്ങിനെയാണ് സ്പെയർ പാർട്ടുകളുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറഞ്ഞത്. പിന്നെ, വില കുറയ്ക്കാൻ ഭരണകൂടം നിർബ്ബന്ധിതമാകണമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം കടുക്കേണ്ടി വരും. ബ്രസീലിൽ അടുത്തിടെ വണ്ടികൾ റോഡിൽ പാർക്ക് ചെയ്താണ് ജനം പ്രതിഷേധിച്ചത്. ആയിരക്കണക്കിന് വണ്ടികൾ റോഡിൽ കൊണ്ടിട്ടിട്ട് ജനം അവരുടെ വഴിക്ക് പോയി. എണ്ണ വില കുറയ്ക്കാതെ വേറെ വഴിയില്ലെന്ന് സർക്കാരിന് മനസ്സിലായി. അമേരിക്കയിൽ റോഡ് മുറിച്ചു കടക്കാൻ സൈക്കിൾ യാത്രക്കാർക്ക് വലിയ പ്രശ്നമായിരുന്നു. ഒരു ദിവസം സൈക്കിൾ യാത്രക്കാർ മുഖ്യ നിരത്തുകൾ കൈയ്യേറി. അതോടെ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായി. ജനവികാരം ഭരണകൂടം കണക്കിലെടുക്കുക തന്നെ വേണം. മറ്റെന്തൊക്കെ പറഞ്ഞാലും ജനവികാരം കണക്കിലെടുക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാനാവില്ല്.

