ട്രെയ്നിൽനിന്ന് ഐ പാഡും മൊബൈൽ ഫോണും മോഷ്ടിച്ച മധ്യപ്രദേശ് സ്വദേശിയെ 24 മണിക്കൂറിനകം കാസർകോട് നിന്ന് പിടികൂടി റെയിൽവേ പോലീസ്

കാസർകോട്: തീവണ്ടിയിൽ മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടിച്ച് കാസർകോട് റെയിൽവേ പോലീസ്. മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ നിന്നും ഐ പാഡ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവ കവർന്ന മധ്യപ്രദേശ് സ്വദേശി ബരേദ്ര റാത്തോറിനെയാണ് (37) കാസർകോട് റെയിൽവേ പോലീസ് എസ്.ഐ. സി.എസ്. സനിൽകുമാറിന്റെ നേതൃത്വത്തിൽ പിടിച്ചത്.
ഉത്രാടത്തിന് പുലർച്ചെ മംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിലാണ് കവർച്ച നടന്നത്. മലപ്പുറം ഇരുമ്പുഴി വടക്കുമുറിയിലെ പി. ഷനൂപ് റഹ്മാന്റെ 89,000 രൂപ വില വരുന്ന ഐ പാഡ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവയാണ് മോഷ്ടിച്ചത്. തീവണ്ടിയുടെ പിറകിലെ ജനറൽ കോച്ചിലെ യാത്രക്കാരനായിരുന്നു ഷനൂപ്. തീവണ്ടി കാസർകോട് എത്തിയപ്പോഴാണ് മൊബൈലും ഐപാഡുമെല്ലാം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റെയിൽവേ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവോണദിവസമായ ബുധനാഴ്ച കാസർകോട്ടെ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതിയെ പിടിക്കാൻ സാധിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ കൃപേഷ്, റെയിൽവേ സംരക്ഷണ സേനയിലെ (ആർ.പി.എഫ്.) അബ്ദുൾ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

