KSDLIVENEWS

Real news for everyone

മെഡിക്കൽ സംഘം തുരങ്കത്തിനുള്ളിൽ; ആ 41 പേരെയും കാത്ത് രാജ്യം, അല്പസമയത്തിനകം പുറത്തേക്ക്

SHARE THIS ON

ഉത്തരകാശി: രാജ്യം കാത്തിരിക്കുന്നു ആ 41 പേരെയും. ഉത്തരകാശിയിലെ നിര്‍മാണത്തിലിരിക്കുന്ന സില്‍കാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തില്‍. അല്പസമയത്തിനകം മുഴുവന്‍ തൊഴിലാളികളെയും തുരങ്കത്തില്‍നിന്ന് പുറത്തെത്തിക്കും. ഇതിന് മുന്നോടിയായി ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും തുരങ്കത്തിനുള്ളില്‍ പ്രവേശിച്ചു. തുരങ്കത്തിനുള്ളിൽ അടിയന്തരചികിത്സ നൽകാനുള്ള എല്ലാസംവിധാനങ്ങളും സജജീകരിച്ചിട്ടുണ്ട്. 17 ദിവസങ്ങള്‍ക്ക് ശേഷം തുരങ്കത്തില്‍നിന്ന് പുറത്തെത്തിക്കുന്ന തൊഴിലാളികളെ ചിന്‍യാലിസൗറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കാകും ആദ്യം കൊണ്ടുപോവുക. കൂടുതല്‍ വൈദ്യസഹായം ആവശ്യമാണെങ്കില്‍ ഇവിടെനിന്ന് ഋഷികേശ് എയിംസിലേക്ക് മാറ്റുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കേന്ദ്രമന്ത്രി വി.കെ.സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തുടങ്ങിയവരും തൊഴിലാളികളുടെ ബന്ധുക്കളും സ്ഥലത്തുണ്ട്. തൊഴിലാളികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്താനായത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്സിജന്‍ എന്നിവ എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ബി.ആര്‍.ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ചയോടെ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!