KSDLIVENEWS

Real news for everyone

ദേശീയപതാകയും ഭരണഘടനയും ഇഷ്ടമല്ലെങ്കില്‍ ബിജെപിക്കാർക്ക് പാകിസ്താനിലേക്ക് പോകാം- കര്‍ണാടക മന്ത്രി

SHARE THIS ON

ബെംഗളൂരു: മാണ്ഡ്യയിലെ പതാക വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷപ്രതികരണവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ. തീരദേശ മേഖലയിലേതുപോലെ മാണ്ഡ്യയിലും വര്‍ഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണങ്ങള്‍ ബിജെപി നടത്തുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. മാണ്ഡ്യയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കാവി പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നത് ബിജെപിക്കും സംഘപരിവാറിനും ദഹിക്കുന്നില്ല. അതിനാൽ ബിജെപി നേതാക്കള്‍ വര്‍ഗീയ തീപടര്‍ത്തി ചൂടുപിടിക്കുകയാണെന്ന് എക്‌സിലൂടെ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയോടും പ്രതിപക്ഷ നേതാവ് ആര്‍. അശോകിനോടും അദ്ദേഹം ചില ചോദ്യങ്ങളുമുയര്‍ത്തി. ദേശീയ പതാകയ്ക്ക് പകരം കാവി പതാക ഉയര്‍ത്താന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? അംഗീകാരപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചതാരാണ്? സമാധാനം തകര്‍ക്കാന്‍ ബിജെപി എത്ര നാളായി പദ്ധതികള്‍ തയ്യാറാക്കുന്നു? എന്തുകൊണ്ടാണ് ബിജെപി രാജ്യത്തെ നിയമങ്ങളേയും ചട്ടങ്ങളേയും കാലിനടയിലെ വെറും പൊടിയായി കണക്കാക്കുന്നത്? ആര്‍എസ്എസിനെ പോലെ ബിജെപി ദേശീയ പതാകയോട് അസഹിഷ്ണുത കാണിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ദേശീയ പതാകയോട് അനാദരവ് കാണിച്ചതിലൂടെ ബിജെപി രാജ്യദ്രോഹികളുടെ പാര്‍ട്ടിയായി സ്വയം സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദേശീയ പതാകയും ഭരണഘടനയും രാജ്യത്തിന്റെ അഖണ്ഡതയും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ബിജെപിക്കാര്‍ക്ക് പാകിസ്താനിലേക്ക് പോകാം’, പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. മാണ്ഡ്യയിലെ സംഭവത്തില്‍ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെരഗൊഡു ഗ്രാമത്തിൽ ഈ മാസം 19-ന് 108 അടി ഉയരമുള്ള കൊടിമരത്തിൽ സ്ഥാപിച്ച പതാക നീക്കിയതാണ് വിവാദമായത്. ശനിയാഴ്ച താലൂക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ വീണയാണ് പതാക നീക്കാൻ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയത്. ഞായറാഴ്ച രാവിലെ ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകരും ബജ്‌റംഗ്‌ദൾ പ്രവർത്തകരും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!