KSDLIVENEWS

Real news for everyone

ലൗഡ്‌സ്പീക്കറില്‍ ബാങ്ക് വിളിക്കാം; അനുമതി നല്‍കി യു.എസ് നഗരം

SHARE THIS ON

യു.എസ് നഗരമായ മിനിയാപൊളിസില്‍ മുസ്‌ലിം പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് അനുമതി നല്‍കി ഭരണകൂടം. മിനസോട്ട സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നാണ് മിനിയപൊളിസ്. ഇവിടെ ലൗഡ്‌സ്പീക്കര്‍ വഴി നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കാണ് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെയാണ് ബാങ്കുവിളിക്ക് അനുമതിയുള്ളത്. രാത്രി ആളുകള്‍ ഉറങ്ങുന്ന സമയമായതിനാല്‍ പ്രഭാത(സുബഹ്), രാത്രി(ഇശാ) നമസ്‌കാരങ്ങള്‍ക്കുള്ള ബാങ്ക് ലൗഡ്‌സ്പീക്കറില്‍ കൊടുക്കാനാകില്ല. ഭരണകൂടം നിര്‍ദേശിക്കുന്ന നിശ്ചിത ശബ്ദനിയന്ത്രണവും പാലിച്ചായിരിക്കണം ബാങ്കുവിളി.

കൗണ്‍സില്‍ അംഗമായ ജമാല്‍ ഉസ്മാന്‍ ആണ് ലൗഡ്‌സ്പീക്കര്‍വഴിയുള്ള ബാങ്കുവിളിക്ക് അനുമതി തേടിയുള്ള ബില്‍ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിച്ചത്. കൗണ്‍സീല്‍ തീരുമാനത്തെ ജമാല്‍ സ്വാഗതം ചെയ്തു. ”ഇത് അമേരിക്കയാണ്. ഇവിടെ എല്ലാവര്‍ക്കും എവിടെവച്ചും തങ്ങളുടെ വിശ്വാസം പുലര്‍ത്താനുള്ള അനുമതിയുണ്ട്. രാജ്യത്തെ തുല്യതയുടെ അടയാളമാണ് കൗണ്‍സില്‍ തീരുമാനം.”- ജമാല്‍ ഉസ്മാന്‍ പ്രതികരിച്ചു.

മിഷിഗണിലെ ഹാംട്രാംക്ക് ആണ് ആദ്യമായി ബാങ്കുവിളിക്ക് അനുമതി നല്‍കിയ യു.എസ് നഗരം. 2004ലായിരുന്നു ഇത്. ഇതിനുശേഷം ഡിയര്‍ബോണ്‍, മിഷിഗണ്‍, പാറ്റേഴ്‌സണ്‍, ന്യൂജഴ്‌സി നഗരങ്ങളിലെല്ലാം ലൗഡ്‌സ്പീക്കര്‍ വഴിയുള്ള ബാങ്കുവിളിക്ക് അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!