അബ്ദുള്‍ നാസര്‍ മഅദനി ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഇല്ല; അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

കൊച്ചി: ആരോഗ്യനില വഷളായതിനെത്തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ഒരു മാസത്തിലധികമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച രാവിലെ 6.30ഓടെ ശ്വാസംമുട്ടലടക്കമുള്ള അസ്വസ്ഥതകൾ രൂക്ഷമാകുകയായിരുന്നു. ഉയർന്ന രക്തസമ്മർദം, ഓക്സിജൻ അളവിലെ കുറവ്, ശ്വാസകോശത്തിലെ വെള്ളക്കെട്ട് തുടങ്ങിയവയെല്ലാം ആശങ്കജനകമായി തുടരുകയാണ്. ഫെബ്രുവരി 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ഡയാലിസിസ് ആരംഭിക്കുകയായിരുന്നു. എന്നാൽ, ഞരമ്പുകളിലെ അസ്വസ്ഥതമൂലം പിന്നീട് പെരിടോണിയൽ ഡയാലിസിസ് ആരംഭിച്ചു. ഇത് തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ശ്വാസതടസ്സമുണ്ടായെങ്കിലും അപകടനിലയിലേക്കെത്തിയിരുന്നില്ല. ഇതിനുശേഷമാണ് വ്യാഴാഴ്ച പുലർച്ച ആരോഗ്യസ്ഥിതി വഷളായത്. വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച് അടിയന്തര ഡയാലിസിസിന് വിധേയനാക്കി. നെഫ്രോളജിസ്റ്റ് ഡോ. ഇക്ബാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. ഭാര്യ സൂഫിയ, മകൻ സലാഹുദ്ദീൻ അയ്യൂബി അടക്കമുള്ള ബന്ധുക്കളും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.

